ad
Deshabhimani

രമേശൻ പാലേരിയുടെ വിയോ​ഗത്തിൽ അനുശോചിച്ച് എം വി ഗോവിന്ദൻ

govindan
വെബ് ഡെസ്ക്

Published on Jul 28, 2026, 05:56 PM | 1 min read

തിരുവനന്തപുരം: സഹകരണ മേഖലയെ കേരള വികസനത്തിന്റെ ബ്രാൻഡാക്കി മാറ്റിയ സഹകാരിയെയാണ്‌ യുഎൽസിസിഎസ്‌ ചെയർമാൻ രമേശൻ പാലേരിയുടെ വിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമായിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.


കേരള വികസനത്തിന്റെ കരുത്തായി മാറാൻ സഹകരണമേഖലയെ പ്രാപ്തനാക്കിയതിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌. സഹകരണ മേഖലയിലെ മുൻനിര വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു രമേശൻ പാലേരി. വാഗ്‌ഭടാന്ദ ഗുരു സ്ഥാപിച്ച തൊഴിലാളി സഹകരണ സംഘത്തെ ലോകമറിയുന്ന സഹകരണ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ രമേശൻ പാലേരി നിസ്തുലമായ പങ്ക്‌ വഹിച്ചു. മൂന്ന്‌ പതിറ്റാണ്ടിലധികമായി ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ അമരക്കാരനാണ്‌. സൊസൈറ്റി ആധുനിക നിർമാണ, സാങ്കേതിക മേഖലകളിലേക്ക്‌ നടന്നുകയറിയത്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.


ഉ‍ൗരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘത്തെ ഇന്ന്‌ തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഏക ഐടിപാർക്കിന്റെ ഉടമകളാക്കിയതിന്‌ പിന്നിൽ രമേശൻ പാലേരിയുടെ അക്ഷീണ പ്രയത്നമുണ്ട്‌. പരമ്പരാഗത നിർമാണ മേഖലയിൽ നിന്ന്‌ ഉ‍ൗരാളുങ്കലിനെ വൈവിധ്യമാർന്ന മേഖലകളിലേക്ക്‌ നയിക്കാൻ അദ്ദേഹത്തിനായി. വിവരസാങ്കേതിക വിദ്യ, ടൂറിസം, അടിസ്ഥാന സ‍ൗകര്യ വികസനം തുടങ്ങി എല്ലാ മേഖലകളിലും കയ്യൊപ്പ്‌ പതിപ്പിക്കാൻ ഇന്ന്‌ ഉ‍ൗരാളുങ്കലിനായിട്ടുണ്ട്‌. അതിനെല്ലാം പിന്നിലെ കരുത്തായിരുന്നു രമേശൻ പാലേരി. സഹകരണ തത്വങ്ങളിൽ നിന്ന്‌ വ്യതിചലിക്കാതെയാണ്‌ അദ്ദേഹം തന്റെ സാങ്കേതിക, മാനേജ്‌മെന്റ്‌ മികവ്‌ ഉ‍ൗരാളുങ്കലിൽ നടപ്പാക്കിയത്‌. ഉ‍ൗരാളുങ്കൽ സൊസൈറ്റിയെ സഹകരണ പ്രസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തേയ്ക്ക്‌ നയിച്ചതും ആ നേതൃത്വമായിരുന്നു.


ഉ‍ൗരാളുങ്കൽ സൊസൈറ്റിക്കും സഹകരണ മേഖലയ്ക്കാകെയും നികത്താനാകാത്ത വിടവാണ്‌ രമേശൻ പാലേരിയുടെ വേർപാട്‌ സൃഷ്ടിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ഉ‍ൗരാളുങ്കൽ സൊസൈറ്റിയുടെയും ഉറ്റവരുടെയാകെയും വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home