ജനിക്കാനിരിക്കുന്ന കുഞ്ഞിന് ലക്ഷങ്ങൾ വില; കോട്ടയത്ത് ഗർഭിണിയെ തടവിലാക്കി, രണ്ടുപേർ പിടിയിൽ

പ്രതീകാത്മക ചിത്രം
കോട്ടയം: ഗർഭിണിയെ തടവിലാക്കി ജനിക്കാനിരിക്കുന്ന കുഞ്ഞിനായി വിലപേശിയെന്ന് പരാതി. കോട്ടയം തീക്കോയിയിൽ ആണ് അസം സ്വദേശിനിയായ ഗർഭിണിയെ തടവിലാക്കിയത്. വാഗമൺ, തീക്കോയി മേഖലകൾ കേന്ദ്രീകരിച്ച് വൻ കുട്ടിക്കടത്ത് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു 22-കാരിയുടെ വെളിപ്പെടുത്തൽ. തുടർന്ന് തമിഴ്‌നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം വീട്ടുകാർ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനെ യുവതി നാടുവിട്ട്, ഗർഭിണികൾക്ക് അഭയവും സംരക്ഷണവും നൽകുന്ന തീക്കോയിയിലുള്ള 'അർഷിവ് കെയർ' സ്ഥാപനത്തിൽ എത്തുകയായിരുന്നു. സോഷ്യൽമീഡിയയിലൂടെയാണ് ഈ സ്ഥാപനത്തെ കുറിച്ച് അറിഞ്ഞതെന്ന് യുവതി പറഞ്ഞു. തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട യുവതിക്ക്, കാർത്തിക് എന്ന് പരിചയപ്പെടുത്തിയ ആൾ കോട്ടയത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും അയച്ചുനൽകുകയും പത്ത് ദിവസം മുൻപ് യുവതി ഇവിടെയെത്തുകയുമായിരുന്നു.
സ്ഥാപനത്തിൽ എത്തിയതോടെയാണ് താൻ പറ്റിക്കപ്പെട്ടു എന്ന് യുവതിക്ക് മനസ്സിലായത്. പ്രസവിച്ച ശേഷം കുഞ്ഞിനെ തങ്ങൾക്ക് കൈമാറിയാൽ 3 ലക്ഷം രൂപ നൽകാമെന്ന് സംഘം യുവതിയോട് പറഞ്ഞു. ഇത് കേട്ടതോടെ ഭയന്നുപോയ യുവതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കോട്ടയത്തുള്ള 'സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്' വഴി യുവതി പൊലീസിനെ സമീപിച്ചു. യുവതിയെ അന്യായമായി തടങ്കലിൽ വെച്ചു, മർദിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരും യുവതിയിൽ നിന്ന് നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു.










0 comments