ചരിത്രം കുറിച്ച് ജസ്റ്റിൻ ഗ്രീവ്സ്; തുടർച്ചയായ അഞ്ച് വിക്കറ്റ് മെയ്ഡനുകളുമായി ലോക റെക്കോർഡ്

Photo Credit:AFP
ട്രിനിഡാഡ്: ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവ നേട്ടവുമായി വെസ്റ്റ് ഇൻഡീസ് പേസ് ബൗളർ ജസ്റ്റിൻ ഗ്രീവ്സ്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ തുടർച്ചയായി അഞ്ച് വിക്കറ്റ് മെയ്ഡൻ ഓവറുകൾ എറിഞ്ഞ ആദ്യ താരമായി ഗ്രീവ്സ് മാറി. ലഞ്ച് ഇടവേളയ്ക്ക് മുമ്പും ശേഷവും നടത്തിയ മികച്ച സ്പെല്ലിലൂടെയാണ് ഗ്രീവ്സ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഇതോടൊപ്പം ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം കുറിച്ചു. ഇതുവരെ ടെസ്റ്റിൽ തുടർച്ചയായി നാല് വിക്കറ്റ് മെയ്ഡൻ ഓവറുകളായിരുന്നു റെക്കോർഡ്. 2016 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോഹന്നാസ്ബർഗിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് നേടിയ നേട്ടമാണ് ഗ്രീവ്സ് മറികടന്നത്.
32കാരനായ ഗ്രീവ്സ് 11 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ഷാൻ മസൂദ്, മുഹമ്മദ് റിസ്‌വാൻ, ആമിർ ജമാൽ, അലി ഉസ്മാൻ, മുഹമ്മദ് അബ്ബാസ് എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഈ പ്രകടനത്തിൽ ആറ് മെയ്ഡൻ ഓവറുകളും ഉൾപ്പെട്ടു.
പാകിസ്ഥാൻ 244/3 എന്ന ശക്തമായ നിലയിൽ മുന്നേറുന്നതിനിടെയാണ് ഗ്രീവ്സ് നിർണായകമായി ഇടപെട്ടത്. ഷാൻ മസൂദ് സെഞ്ചുറി നേടിയതിന് പിന്നാലെ മുൻ പാകിസ്ഥാൻ നായകന്റെ വിക്കറ്റ് നേടിയ താരം മത്സരത്തിന്റെ ഗതി മാറ്റി. ഒടുവിൽ പാകിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 282 റൺസിന് പുറത്തായി.
തന്റെ മികച്ച പ്രകടനത്തിന് പിന്നിൽ ക്യാപ്റ്റൻ റോസ്റ്റൺ ചേസിന്റെ നിർദേശങ്ങൾ സഹായകമായെന്ന് ഗ്രീവ്സ് പറഞ്ഞു. ശരിയായ മേഖലയിൽ സ്ഥിരതയോടെ പന്തെറിയാനാണ് ക്യാപ്റ്റൻ ആവശ്യപ്പെട്ടതെന്നും അതിലൂടെ വിക്കറ്റുകൾ നേടാൻ സാധിച്ചെന്നും താരം വ്യക്തമാക്കി."ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി അഞ്ച് വിക്കറ്റ് നേടാനായത് വലിയ സന്തോഷമാണ്. എന്നാൽ മത്സരത്തിൽ ഇനിയും ഏറെ ജോലി ബാക്കിയുണ്ട്," ഗ്രീവ്സ് പറഞ്ഞു.
ഗ്രീവ്സിന്റെ ചരിത്ര സ്പെല്ലിൽ മത്സരത്തിന്റെ 64, 66, 68, 70, 72-ാം ഓവറുകളിലാണ് തുടർച്ചയായ അഞ്ച് വിക്കറ്റ് മെയ്ഡനുകൾ പിറന്നത്. എന്നാൽ മൂന്നാം ദിനം അവസാനിക്കുന്നതിന് മുമ്പ് പാകിസ്ഥാൻ തിരിച്ചടിച്ചു. വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 126/7 എന്ന നിലയിലേക്ക് ചുരുക്കിയ പാകിസ്ഥാൻ, ആതിഥേയരുടെ ലീഡ് 155 റൺസായി കുറച്ചു.










0 comments