ഡെങ്കിപ്പനിയുടെ നാല് വകഭേദങ്ങളും രാജ്യത്ത്; ആശങ്ക ഉയർത്തി ഐസിഎംആർ പഠനം

ന്യൂഡൽഹി : രാജ്യത്ത് ഡെങ്കിപ്പനി വ്യാപനം മുൻകാലങ്ങളെ അപേക്ഷിച്ച് അപകടരമായ അവസ്ഥയിലേക്ക് നിങ്ങുന്നതായി ഐസിഎംആറിന്റെ പുതിയ പഠന റിപ്പോർട്ട്. ഡെങ്കി വൈറസിന്റെ ഒന്നിലധികം വകഭേദങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഈ സാഹചര്യമാണ് രോഗവ്യാപനത്തെ തീവ്രമാക്കുന്നത്.
അതിസങ്കീർണമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കാനിടയുള്ള ഡെങ്കിപ്പനിയുടെ ഈ പുതിയ മാറ്റം രാജ്യത്തെ പൊതുജനാരോഗ്യ മേഖലയ്ക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. രണ്ട് വർഷം നീണ്ടുനിന്ന രാജ്യവ്യാപക നിരീക്ഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഐസിഎംആറിന്റെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി നെറ്റ്‌വർക്ക് ആണ് ഈ പഠനം നടത്തിയത്.
നിലവിൽ ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങളും രാജ്യത്ത് വ്യാപിക്കുന്നുണ്ടെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നാല് വകഭേദങ്ങളുടെയും സാന്നിധ്യം കണ്ടെത്തിയത്. 15 ഇടങ്ങളിൽ മൂന്ന് വകഭേദങ്ങളുടെ വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഡെൻ-2 എന്ന അതിതീവ്രമാകാൻ സാധ്യതയുള്ള ഡെങ്കിയുടെ വകഭേദമാണ്. 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ലബോറട്ടറികളിൽ നിന്ന് ശേഖരിച്ച 6,889 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഈ കണ്ടെത്തലുകൾ.
ഈ പഠനം ചൂണ്ടിക്കാണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഒന്നിലധികം വകഭേദങ്ങൾ ഒരേസമയം ഒരു രോഗിയിൽ തന്നെ കാണപ്പെടുന്നു എന്നതാണ്. അതായത് പഠനത്തിന് വിധേയരായവരിൽ ഏഴ് ശതമാനം രോഗികളിൽ ഇത്തരത്തിൽ ഒന്നിലധികം വകഭേദങ്ങൾ കാണപ്പെടുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും ഈ പഠനത്തിന് മേൽ ഉയരുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുക, രക്തസ്രാവം, കഠിനമായ സന്ധിവേദന എന്നിവ ഇത്തരക്കാരിൽ കൂടുതലായി കാണപ്പെടും.
ഡെങ്കി വൈറസിന്റെ ഈ സങ്കീർണ സ്വഭാവം ഭാവിയിൽ പ്രതിരോധ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു വാക്സിൻ വ്യത്യസ്ത വകഭേദങ്ങൾക്കെതിരെ ഫലപ്രദമാകുമോ എന്നതാണ് ആരോഗ്യമേഖലക്ക് മുന്നിലെ വലിയ വെല്ലുവിളി. രോഗപ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ഊർജിതമാക്കുക എന്നതല്ലാതെ വെറെ പോംവഴിയൊന്നും ഇതിനില്ലെന്ന് ചുരുക്കം. കൊതുക് നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയും വേണം. ഇതിനൊപ്പം രോഗവ്യാപനത്തെ കുറിച്ചുള്ള ശാസ്ത്രീയമായ നിരീക്ഷണങ്ങൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും ഈ റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു.








0 comments