ബാഗൽകോട്ടിൽ യുവതിയെ ഭർത്താവ് തൂക്കിക്കൊലപ്പെടുത്തി

കൊല്ലപ്പെട്ട ഭാഗ്യശ്രീ ജിഗളൂരു,സംഭവത്തിൽ പ്രതിയായ ഭർത്താവ് പ്രവീൺ ജിഗളൂരു എന്നിവർ | Photo Credit:India Today
ബംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 23 കാരിയായ ഭാര്യയെ ഭർത്താവ് തൂക്കിക്കൊന്നതായി കർണാടകയിലെ ബാഗൽകോട്ട് പൊലീസ്. കർണാടക ബാഗൽകോട്ട് സ്വദേശി ഭാഗ്യശ്രീ ജിഗളൂരു (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പ്രവീൺ ജിഗളൂരുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാഗ്യശ്രീ ജീവന് വേണ്ടി പിടയുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൂടാതെ, വീഡിയോ കോളിലൂടെ യുവതിയുടെ മാതാപിതാക്കളെ വിളിച്ച് മകളുടെ അവസാന നിമിഷങ്ങൾ കാണാൻ നിർബന്ധിച്ചതായും പൊലീസ് അറിയിച്ചു. . ദമ്പതികൾക്കിടയിൽ ഏറെക്കാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, മരവടികൊണ്ട് ഭാഗ്യശ്രീയെ മർദിച്ച ശേഷം കിടപ്പുമുറിയിൽ പച്ചനിറത്തിലുള്ള ദുപ്പട്ട ഉപയോഗിച്ച് തൂക്കിക്കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ഭാഗ്യശ്രീ കുറച്ചുകാലമായി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഒരുമിച്ച് സമാധാനത്തോടെ ജീവിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രവീൺ ഭാര്യയെ തിരിച്ചുവിളിച്ചത്. എന്നാൽ തിരിച്ചെത്തിയ അതേ ദിവസം വൈകിട്ടാണ് യുവതി കൊല്ലപ്പെട്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പച്ചനിറത്തിലുള്ള ദുപ്പട്ടയിൽ തൂങ്ങിക്കിടന്ന് ജീവന് വേണ്ടി പിടയുന്ന ഭാഗ്യശ്രീയെയും, വിവാഹസമയത്ത് കിടപ്പുമുറിയുടെ ചുമരിൽ എഴുതിയിരുന്ന ദമ്പതികളുടെ പേരുകളും വീഡിയോയിൽ കാണാമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായും, കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.










0 comments