ad
Deshabhimani

മുതിർന്ന സിപിഐ എം നേതാവ് എസ് കെ ആശാരി അന്തരിച്ചു

S K Ashari

എസ് കെ ആശാരി

വെബ് ഡെസ്ക്

Published on Jul 29, 2026, 05:35 PM | 1 min read

തിരുവനന്തപുരം: മുതിർന്ന സിപിഐ എം നേതാവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് മുൻ അംഗവുമായ എസ് കെ ആശാരി (93) അന്തരിച്ചു. 1980 മുതൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായും തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. വിതുര പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പിന്നീട് 1978ൽ തൊളിക്കോട് പഞ്ചായത്ത് പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


വിതുരയിലെ ചെറ്റച്ചൽ എന്ന മലയോര ഗ്രാമത്തിൽ 1933ൽ ജനിച്ച എസ് കെ ആശാരി, വിദ്യാർഥിയായ കാലത്തുതന്നെ ഗ്രന്ഥശാലാ പ്രവർത്തകനായി പൊതുരം​ഗത്തെത്തി. മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല സ്ഥാപിക്കുന്നതിനും ചെറ്റച്ചൽ പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുന്നതിലും മുൻകൈയെടുത്തു. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 'സമരകാഹളം' എന്ന നാടകത്തിൽ അഭിനയിക്കുകയും ഗാനരചന നിർവഹിക്കുകയും ചെയ്തു.


1949ലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. വിതുര, പാലോട് മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. 1950കളിൽത്തന്നെ മലയോര മേഖലയിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി. അടിയന്തരാവസ്ഥ കാലത്ത് കർഷക തൊഴിലാളി യൂണിയൻ്റെ ജില്ലാ സമ്മേളനം സ്വന്തം വീട്ടിൽ വെച്ച് നടത്തുകയും, ഒളിവിൽ കഴിഞ്ഞ ഇ കെ നായനാർ, പുത്തലത്ത് നാരായണൻ, ആർ പരമേശ്വരൻ പിള്ള, പിരപ്പൻകോട് മുരളി തുടങ്ങിയ നേതാക്കൾക്ക് ദീർഘകാലം ഒളിയിടം ഒരുക്കുകയും ചെയ്തു.


കർഷകസംഘം നെടുമങ്ങാട് താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം ദീർഘകാലം പ്രവർത്തിച്ചു.


തങ്കമ്മയാണ് ഭാര്യ. മക്കൾ: അനീഷ്, അമൃത.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home