ad
Deshabhimani

അസമിലെ പ്രളയക്കെടുതി: കേന്ദ്രം ആവശ്യമായ സഹായം ഉറപ്പുവരുത്തണം- സിപിഐ എം

Assam Flood Crisis cpim.jpg
വെബ് ഡെസ്ക്

Published on Jul 29, 2026, 05:58 PM | 1 min read

ന്യൂഡൽഹി: അസമിലെ പ്രളയക്കെടുതികളിൽ ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്നും സംസ്ഥാനത്തിന്‌ ആവശ്യമായ സഹായം കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ഇ‍ൗ വർഷത്തെ പ്രളയത്തിൽ മുമ്പില്ലാത്ത വിധം കെടുതികളാണ്‌ സംഭവിച്ചിട്ടുള്ളത്‌. 75 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. ജനങ്ങളുടെ ജീവനം ജീവിതോപാധികളും സംരക്ഷിക്കുന്നതിൽ സംസ്ഥാന ബിജെപി സർക്കാർ പൂർണമായി പരാജയപ്പെട്ടു. അസമിനെ പ്രളയമുക്തമാക്കുമെന്ന ഉറപ്പാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിൽ ബിജെപി നൽകിയിരുന്നത്‌.


കേന്ദ്രസർക്കാരും അസമിലെ ജനങ്ങളോട്‌ മുഖംതിരിക്കുകയാണ്‌. ആവശ്യമായ സഹായം നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. രക്ഷാ– ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന്‌ ആവശ്യമായ എല്ലാ സഹായവും എത്തിക്കണം. സംസ്ഥാനത്തിന്റെ 40 ശതമാനം പ്രളയസാധ്യതാ മേഖലയാണ്‌. ഇത്‌ മുൻനിർത്തി ശാശ്വതമായ പരിഹാരത്തിന്‌ ആവശ്യമായ സമഗ്രമായ നടപടികൾ സ്വീകരിക്കണം. മരിച്ചവരുടെ കുടുംബത്തിനും പ്രളയത്തിൽ വീടും വിളയും മറ്റും നഷ്ടമായവർക്കും അർഹമായ നഷ്ടപരിഹാരം നൽകണം. അസമിനായി സമഗ്രമായ ദുരിതാശ്വാസ പാക്കേജ്‌ കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം.


അസമിലെ സിപിഐ എം പ്രവർത്തകർ ഇപ്പോൾ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലാണ്‌. സമീപ സംസ്ഥാനങ്ങളിലെ പ്രവർത്തകർ കൂടി ദുരിതാശ്വാസത്തിനായി രംഗത്തിറങ്ങണം. അപ്പർ അസം മേഖലയിലെ നിരവധി ജില്ലകളിൽ പ്രളയം വലിയ നഷ്ടം വരുത്തിയിട്ടുണ്ട്‌. 75 പേർ മരിച്ചു. പതിനായിരങ്ങൾക്ക്‌ വീടുകൾ നഷ്ടമായി. നാലായിരത്തിലേറെ ഗ്രാമങ്ങളിലായി അമ്പത്‌ ലക്ഷത്തിലേറെ പേർ പ്രളയബാധിതരായിട്ടുണ്ട്‌. ഒന്നര ലക്ഷം ഹെക്ടറിലേറെ കൃഷിയിടം വെള്ളത്തിൽ മുങ്ങി. ഭക്ഷണവും കുടിവെള്ളവും ആരോഗ്യസംവിധാനങ്ങളുമില്ലാതെ പതിനായിരങ്ങളാണ്‌ കഷ്ടപ്പെടുന്നത്‌. സമീപകാലത്തൊന്നും സംഭവിക്കാത്ത വിധം രൂക്ഷമാണ്‌ ഇപ്പോഴത്തെ പ്രളയസാഹചര്യം. ഭൂരിഭാഗം പ്രളയബാധിത പ്രദേശങ്ങളും നിലവിൽ ഒറ്റപ്പെട്ട നിലയിലാണ്‌. രക്ഷാ– ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അപര്യാപ്‌തത ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുകയാണ്‌– പിബി പ്രസ്‌താവനയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home