വിദ്യാർഥി വേട്ടയിൽ കേരളവും; ആശങ്കപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നീറ്റ് പ്രക്ഷോഭത്തെ വേട്ടയാടിയതിന് സുപ്രീംകോടതി നോട്ടീസയച്ച എട്ടു സംസ്ഥാനങ്ങളിൽ കേരളവുമുണ്ട് എന്നത് ആശങ്കയോടെ മാത്രമേ കാണാൻ കഴിയൂ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുപി, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, അസം, മധ്യപ്രദേശ്, ഡൽഹി എന്നിവയ്‌ക്കൊപ്പമാണ് കേരളവും ഇടംപിടിച്ചത്. ബിജെപി ഭരണത്തിലുള്ള മറ്റ് 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളും കാണിക്കാത്ത ഉത്സാഹമാണ് കേന്ദ്രസർക്കാരിനെതിരെ നിലകൊണ്ട വിദ്യാർത്ഥികളെ വേട്ടയാടുന്ന കാര്യത്തിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ കാട്ടിയതെന്നും പിണറായി വിജയൻ പറഞ്ഞു.
വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് എടുത്ത മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നൽകിയെങ്കിലും ഇത്തരമൊരു പൊതു പ്രാധാന്യമുള്ള വിഷയത്തിൻമേൽ തങ്ങളുടെ നിലപാട് എന്താണെന്ന് പറയാതെ പ്രതിപക്ഷ നേതാവിന്റെ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറി എന്ന ഒഴുക്കൻ മട്ടിലുള്ള വിശദീകരണമാണ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയത്.
കേരളത്തിലെ യുഡിഎഫ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ച അധാർമ്മിക നിലപാട് കോൺഗ്രസ് പാർടിയുടെ അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ പെടുത്താനായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേക്ക് കത്ത് അയച്ചിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നേതൃത്വം ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണക്കുകയും എന്നാൽ, അതേ സമരത്തെ പിന്തുണച്ച് പ്രതിഷേധിച്ചവരെ കേരളത്തിലെ കോൺഗ്രസ് നയിക്കുന്ന സർക്കാർ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നതിലെ ഔചിത്യമില്ലായ്മ കത്തിൽ ചൂണ്ടിക്കാട്ടിയെന്നും പിണറായി പറഞ്ഞു.
രാജ്യത്തെ മറ്റ് ചില മുഖ്യമന്ത്രിമാരെപ്പോലെ സമരക്കാരായ വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്നും എടുത്ത കേസുകൾ പിൻവലിക്കുമെന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാൽ അസ്വസ്ഥതയോടെയാണ് മുഖ്യന്ത്രി പ്രതികരിച്ചത്. ഒരു ചോദ്യം മൂന്ന് തവണ ചോദിക്കേണ്ട എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നീറ്റ് പ്രക്ഷോഭത്തിൽ ഇതുവരെ അയ്യായിരത്തോളം പേർക്കെതിരെയാണ് കേരളത്തിൽ കേസെടുത്തത്. എസ്‌എഫ്‌ഐ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 166 പേരെ അറസ്റ്റ്‌ചെയ്‌തു. കൊച്ചിയിൽ റാപ്പർ വേടനടക്കമുള്ളവർക്കെതിരെ കേസെടുത്തു. ഫുട്‌ബോൾ താരം സി കെ വിനീത്, ഗായകൻ അലോഷി, അവതാരക രഞ്ജിനി ഹരിദാസ്, മാധ്യമപ്രവർത്തക കെ കെ ഷാഹിന, എഴുത്തുകാരി നവമി തുടങ്ങിയവർക്കെതിരെയും കേസെടുത്തു.










0 comments