ad
Deshabhimani

തീവ്രവലതുപക്ഷ നേതാവ് കെയ്കോ ഫുജിമോറി പെറുവിന്റെ പുതിയ പ്രസിഡന്റ്; പ്രതിഷേധങ്ങൾക്കിടെ സത്യപ്രതിജ്ഞ

Keiko Fujimori

കെയ്കോ ഫുജിമോറി | Photo by CONNIE FRANCE / AFP

വെബ് ഡെസ്ക്

Published on Jul 29, 2026, 05:51 PM | 1 min read

ലിമ : പെറുവിന്റെ പ്രസിഡന്റായി തീവ്ര വലതുപക്ഷ നേതാവ് കെയ്കോ ഫുജിമോറി സത്യപ്രതിജ്ഞ ചെയ്തു. ജൂണിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേവലം 50,000ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൺസർവേറ്റിവ് പാർട്ടി നേതാവായ ഫുജിമോറി വിജയിച്ചത്. ലാറ്റിനമേരിക്കയിൽ അടുത്തിടയായി തുടരുന്ന വലതുപക്ഷ വ്യതിയാനത്തിന്റെ തുടർച്ചയായാണ് ഈ ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൊളംബിയ, ചിലി എന്നിവിടങ്ങൾക്ക് പിന്നാലെ പെറുവിലും വലതുപക്ഷം അധികാരത്തിലെത്തുന്നത് വലിയ ആശങ്കകളാണ് ഉയർത്തുന്നത്.


പെറുവിലെ വലതുപക്ഷ പാർട്ടിയായ പോപുലർ ഫോഴ്സിന്റെ നേതാവാണ് അമ്പത്തൊന്നുകാരിയായ ഫുജിമോറി. പെറുവിലെ മുൻ സ്വേച്ഛാധിപതിയായ ആൽബർട്ടൊ ഫുജിമോറിയുടെ മകളാണ് കെയ്കോ ഫുജിമോറി. സൈന്യത്തെ ഉപയോ​ഗിച്ച് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതിൽ ജയിൽ ശിക്ഷ അനുഭവിച്ച നേതാവായിരുന്നു ആൽബർട്ടൊ. പിതാവിന്റെ പാത പിന്തുടർന്ന് വലതുപക്ഷ നയങ്ങളാണ് കെയ്കോയും മുന്നോട്ട് വക്കുന്നത്.


എൽ സാൽവഡോർ പ്രസിഡന്റ് നൈബ് ബുക്കെലെ നടപ്പിലാക്കിയ ഇരുമ്പുമുഷ്ടി നയങ്ങളും മെ​ഗാ ജയിലുകളും പെറുവിലും നടപ്പിലാക്കുമെന്നായിരുന്ന കെയ്റോയുടെ പ്രഖ്യാപനം. കൂടാതെ രാജ്യത്തിന്റെ ഭരണം സൈന്യത്തെ ഏൽപിക്കുമെന്നും കെയ്കോ പറഞ്ഞിരുന്നു.


കെയ്കോയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമ്പോൾ പാർലമെന്റിന് പുറത്ത് വൻ പ്രതിഷേധമാണ് നടന്നത്. ഫുജിമോറിയെ പ്രസിഡന്റായി അം​​ഗീകരിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. ഇടുതപക്ഷ പ്രസിഡന്റ് ആയിരുന്ന പെഡ്രോ കാസ്റ്റിലോയെ അട്ടിമറിച്ച് പുറത്താക്കിയതിനെ തുടർന്ന് 2023ൽ വൻ ജനകീയ പ്രക്ഷോഭങ്ങളാണ് പെറുവിൽ അരങ്ങേറിയത്. ഈ പ്രക്ഷോഭങ്ങളിൽ 50 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.


ഗ്രാമങ്ങളിലും സാധാരണ ജനവിഭാഗങ്ങൾക്കിടയിലും ഇപ്പോഴും ഇടതുപക്ഷത്തിനാണ് സ്വാധീനമുള്ളത്. നഗരങ്ങളിലെ പണക്കാരുടെയും വലതുപക്ഷ സ്വാധീന മേഖലകളുടെയും പിന്തുണയിലാണ് കെയ്‌കോ അധികാരത്തിലെത്തിയത്. ഹൈലാൻഡ് മേഖലകളിൽ പെഡ്രോ കാസ്റ്റിലോയുടെ സഖ്യകക്ഷിയായ ഇടതുപക്ഷ നേതാവ് റോബർട്ടോ സാഞ്ചസിനാണ് ജനങ്ങൾ പിന്തുണ നൽകിയത്. വോട്ടെണ്ണലിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ചൂണ്ടിക്കാണിച്ച് സാഞ്ചസ് പരാതി നൽകിയിരുന്നു. എന്നാൽ വലതുപക്ഷത്തിന് സ്വാധീനമുള്ള ഭരണകൂടം അത് തള്ളിക്കളയുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home