ad
Deshabhimani

പ്രക്ഷോഭകരെ പൊലീസ് വേട്ടയാടുന്നു; കേന്ദ്രം ഉറപ്പുകൾ ലംഘിച്ചു: ഐഷി ഘോഷ്

aishe ghosh
വെബ് ഡെസ്ക്

Published on Jul 29, 2026, 05:10 PM | 2 min read

ന്യൂ‍ഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തിൽ ആരെയും വേട്ടയാടില്ല എന്ന ഉറപ്പുകൾ ലംഘിച്ച് ഡൽഹി പൊലീസ് തന്നെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചുവെന്ന് എസ്എഫ്ഐ ജോ. സെക്രട്ടറി ഐഷി ഘോഷ്. തന്നെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീടോ, പഠിക്കുന്ന സർവകലാശാലയോ, എസ്എഫ്ഐ ഓഫീസോ ആണ് പൊലീസ് സമീപിക്കേണ്ടിയിരുന്നത്. എന്നാൽ യാതൊരു മുൻവിവരവുമില്ലാതെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർടിയുടെ ഓഫീസിലേക്കാണ് പൊലീസ് ആദ്യം എത്തിയത്. ഞാൻ അവിടെയുണ്ടെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കിയെന്നത് ഗൗരവകരമായ കാര്യമാണ്. സോഷ്യൽ മീഡിയയിലോ മറ്റോ ഇതുസംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചിരുന്നില്ലെന്നും ഐഷി വ്യക്തമാക്കി.


നിയമപ്രകാരം നോട്ടീസ് നൽകാനാണെങ്കിൽ വീട്ടിലോ സർവകലാശാലയിലോ സംഘടനയുടെ ഓഫീസിലോ ആണ് പൊലീസ് എത്തേണ്ടത്. നാളെ കേസിന്റെ ഹിയറിങ്ങിനായി കോടതിയിൽ ഹാജരാകാനിരിക്കെ, ഡൽഹി പൊലീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. കോടതിയിൽ പഴയ കേസ് സംബന്ധിച്ച് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി ചർച്ചകൾ നടക്കവെയാണ് പൊലീസിന്റെ അടിയന്തര നടപടി. നെയിം ടാഗുകൾ പോലുമില്ലാത്ത പൊലീസുകാർ എകെജി ഭവനിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഉടൻ തന്നെ കൂടെ വരണമെന്നും അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.


എകെജി ഭവനിലുണ്ടായിരുന്ന സ്റ്റാഫ് ഈ നടപടിയെ ചോദ്യം ചെയ്തു. അഭിഭാഷകൻ എത്തുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതൊരു പാർടി ഓഫീസായതിനാൽ അനുവാദമില്ലാതെ അതിക്രമിച്ച് കടക്കാനോ അനധികൃതമായി ഒരാളെ അറസ്റ്റ് ചെയ്യാനോ കഴിയില്ലെന്നും, നിയമപരമായ നടപടികൾ നേരിടുമെന്നും സ്റ്റാഫ് അറിയിച്ചു. പൊലീസ് യൂണിഫോം ധരിക്കാതെയാണ് ചില ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് എം പി ജോൺ ബ്രിട്ടാസ് ഈ നടപടി ചോദ്യം ചെയ്തതിനെ തുടർന്ന് പൊലീസ് സംഘം മടങ്ങിപ്പോവുകയായിരുന്നുവെന്നും ഐഷി ഘോഷ് വ്യക്തമാക്കി.


രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്ന് ഐഷി ഘോഷ് വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ നിരീക്ഷിക്കുന്നുവെന്ന പറഞ്ഞ് നൽകിയ കേസിൽ താനും ഒരു പരാതിക്കാരിയാണെന്ന് ഐഷി പറഞ്ഞു. പ്രക്ഷോഭം അവസാനിപ്പിച്ചതിനാലും എല്ലാ ആവശ്യങ്ങളും ഉറപ്പുനൽകിയതിനാലും കേസ് പിൻവലിക്കാൻ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ കോടതി കേസ് റദ്ദാക്കുകയാണെങ്കിൽ മാത്രമേ അതിന് തയ്യാറാകൂ എന്നാണ് നിലപാടെടുത്തതെന്നും അവർ വ്യക്തമാക്കി.


തങ്ങളുടെ ഫോണുകൾ ചോർത്തുന്നുണ്ടെന്നും നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഐഷി ഘോഷ് പറഞ്ഞു. രാജ്യത്തുടനീളം പ്രതിഷേധങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളുടെയും അവസ്ഥ ഇതുതന്നെയാണ്. അവരെല്ലാം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്തവരെ ഇതുവരെ വിട്ടയച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. പുതിയ കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, പഴയ ഏതെങ്കിലും കേസുകളുടെ പേരിൽ അറസ്റ്റ് ചെയ്താൽ ഇടപെടില്ലെന്ന പഴുതുകളാണ് അധികൃതർ ഉപയോഗിക്കുന്നത്. ധൈര്യത്തോടെ സംസാരിക്കാൻ തയ്യാറാകുന്ന ഓരോ വിദ്യാർഥിയും ഇത്തരത്തിലുള്ള കടുത്ത പ്രതിസന്ധികളാണ് നേരിടുന്നത്.


ജന്തർ മന്തർ പ്രക്ഷോഭം രാജ്യത്തെ വിദ്യാർഥികളിൽ സർക്കാരിനെതിരെ പ്രതികരിക്കാനുള്ള ഭയം ഇല്ലാതാക്കിയെന്ന് കേന്ദ്ര സർക്കാരിന് ബോധ്യമായി. ഈ നീക്കങ്ങളിലൂടെ വീണ്ടും ഭയം ജനിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കുവേണ്ടി ഒപ്പം നിന്ന എംപിമാർക്കും മാധ്യമങ്ങൾക്കും ഐഷി നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home