ട്രംപ്–നെതന്യാഹു കൂടിക്കാഴ്ച; ഇറാൻ, ഗാസ, ലെബനൻ വിഷയങ്ങൾ പ്രധാന അജണ്ടയാവും

Image Credit : Jonathan Ernst / Reuters
വാഷിംഗ്ടൺ : ഇറാനെതിരെ സംയുക്തമായ കടന്നാക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായി കൂടിക്കാഴ്ചക്കൊരുങ്ങി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഇരു നേതാക്കളും ആഭ്യന്തര തലത്തിൽ കടുത്ത സമ്മർദം നേരിടുന്ന സമയത്താണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ഇറാൻ, ഗാസ, ലെബനൻ എന്നിവയായിരിക്കും ചർച്ചാ വിഷയം.
നെതന്യാഹു വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. അതിനിടെയാണ് ട്രംപുമായുള്ള ബന്ധം വഷളാകുന്ന സൂചനകൾ വരുന്നത്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് നവംബറിൽ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്.
ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച വിവരങ്ങൾ ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ നെതന്യാഹു ട്രംപുമായി പങ്കുവെയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ പ്രത്യാക്രമണങ്ങൾ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് മേൽ സമ്മർദമുണ്ട്. ചുരുക്കത്തിൽ അമേരിക്കയുമായി ചേർന്ന് ഇറാനെ ആക്രമിച്ച ശേഷം, യുഎസ് - ഇറാൻ യുദ്ധമാക്കി അതിനെ മാറ്റിയത് ഇസ്രയേലിന്റെ യുദ്ധതന്ത്രമാണ്. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുക എന്ന അമേരിക്കയുടെ എക്കാലത്തെയും ലക്ഷ്യവും പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചു.
ഇസ്രയേൽ ലെബനനുമായി ഒപ്പുവച്ച കരാറിനെക്കുറിച്ചും അബ്രഹാം കരാർ വിപുലീകരിക്കുന്നതിനെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തേക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടെന്ന വ്യാജേന അമേരിക്കയും ഇസ്രയേലും സംയുക്തമായി കടന്നാക്രമണം ആരംഭിച്ചത്. ഇതോടെ അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണങ്ങൾ നടത്തി. സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ സാമ്പത്തിക പ്രതിസന്ധിയും യുദ്ധവിരുദ്ധ വികാരവും തിരിച്ചടിയാവുമോ എന്ന ഭയം ട്രംപിനുണ്ട്. അതുകൊണ്ടുതന്നെ നെതന്യാഹുവുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ഏറെ നിർണായകമാണ്. യുദ്ധം തുടരണമെന്ന അഭിപ്രായവുമായെത്തുന്ന നെതന്യാഹുവും യുദ്ധക്കൊതിയടങ്ങാത്ത ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിലേക്ക് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.









0 comments