ad
Deshabhimani

ജന്തർ മന്തറിലെ പ്രക്ഷോഭം: ആർഎസ്എസ് "കുഴപ്പക്കാർ" ലിസ്റ്റിൽ ഉൾപ്പെടുത്തിയത് അം​ഗീകാരം: ജോൺ ബ്രിട്ടാസ്

john brittas mp
വെബ് ഡെസ്ക്

Published on Jul 28, 2026, 02:23 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന് ആർഎസ്എസിന്റെ മുഖപത്രമായ 'ഓർഗനൈസർ' തന്നെ "കുഴപ്പക്കാർ... അപകടകാരികൾ" എന്ന് കരുതുന്നവരുടെ പട്ടികയിലുൾപ്പെടുത്തിയത് അം​ഗീകാരമായി കരുതുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ജോൺ ബ്രിട്ടാസിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.


ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തെ അവഹേളിക്കാനും ദേശവിരുദ്ധമായി ചിത്രീകരിക്കാനും ആർഎസ്എസും ആർഎസ്എസ് അനുകൂല 'ഗോദി മീഡിയ'യും കിണഞ്ഞു ശ്രമിച്ചിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് ഈ ഹിറ്റ്‌ലിസ്റ്റ്. വളരെ നൈസർഗികമായി ആരംഭിച്ച ഈ വിദ്യാർഥി സമരത്തെ ചൈനയുമായി കൂട്ടിക്കെട്ടാൻ വരെ ആർഎസ്എസും മാധ്യമങ്ങളും ശ്രമിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി രാജ്യത്തെ ചെറുപ്പക്കാരുടെ ഉള്ളിൽ അടിഞ്ഞുകൂടിയിരുന്ന രോഷമാണ് ഒരു വലിയ തീയായി പുറത്തുവന്നത്. അത് മനസ്സിലാക്കി, അതിന്റെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുകയാണ് സർക്കാരും ആർഎസ്എസും ചെയ്യേണ്ടതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.


പ്രതിപക്ഷ സംഘടനകളും വി​ദ്യാർഥി സംഘടനകളും വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. പൊതുരം​ഗത്ത് പ്ര​ഗത്ഭരായ ഒട്ടനവധി പേരും സമരത്തെ അനുകൂലിച്ചെത്തിയിരുന്നു. രാജ്യമെമ്പാടും പ്രക്ഷോഭം അലയടിച്ചു. ഒരിക്കലും പൊലീസ് പ്രയോ​ഗിക്കാൻ പാടില്ലാത്ത രീതിയിൽ പൊലീസ് കിരാത വാഴ്ച നടത്തി. അതിനെതിരെയും ശബ്ദമുയർത്തിയവരെ ഉൾപ്പെടുത്തിയാണ് ആർഎസ്എസിന്റെ കുഴപ്പക്കാർ പട്ടിക. എന്നാൽ അരുന്ധതി റോയിക്കും സഞ്ജയ് സിങ്ങിന്റെയുമൊക്കെ പേരിന് എത്രയോ മുകളിലാണ് തന്റെ പേര് നൽകിയിരിക്കുന്നതെന്നും അത്രയും മഹിമ തനിക്ക് ആർഎസ്എസ് നൽകേണ്ടിയിരുന്നില്ലെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു.


പൊതുരംഗത്ത് നിൽക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്നും ആർഎസ്എസിന്റെയോ ആർഎസ്എസിന് കുഴലൂതുന്ന ഗോദി മീഡിയയുടെയോ പരിലാളനയോ പ്രോത്സാഹനമോ പ്രതീക്ഷിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവർക്ക് വേണ്ടി പ്രക്ഷോഭം നയിക്കാനുമാണ് ഞങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഞങ്ങളെപ്പോലുള്ളവരെ നിങ്ങൾ ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി എന്നത് കൊണ്ട് ഞങ്ങൾ ഈ സമരരംഗത്ത് നിന്ന് പിന്മാറുമെന്ന് വ്യാമോഹിക്കേണ്ട. മാത്രവുമല്ല, നിങ്ങൾ തയ്യാറാക്കുന്ന ഇത്തരം ഭീഷണികളും ഹിറ്റ്‌ലിസ്റ്റുകളുമൊക്കെ അംഗീകാരത്തിന്റെ ബാഡ്ജായി മാത്രമാണ് ഞാൻ കാണുന്നത്. - ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home