എമിറേറ്റ്സ് റോഡ് വികസനം 30 ശതമാനം പിന്നിട്ടു

ദുബായ് : യുഎഇയിലെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നായ എമിറേറ്റ്സ് റോഡിന്റെ വികസന പദ്ധതി നിശ്ചയിച്ച സമയത്തേക്കാൾവേഗത്തിൽ മുന്നേറുന്നതായി ഊർജ- അടിസ്ഥാനസൗകര്യ മന്ത്രാലയം. 750 ദശലക്ഷം ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ 30 ശതമാനത്തിലധികം നിർമാണം പൂർത്തിയായതോടെ, പദ്ധതി പൂർത്തിയാകുമ്പോൾ ഈ പാതയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുകയും യാത്രാസമയം 65 ശതമാനം വരെ ചുരുങ്ങുകയും ചെയ്യും.
അൽ ഐൻ റോഡുമായുള്ള ജങ്‌ഷൻ ഉൾപ്പെടുന്ന എമിറേറ്റ്സ് റോഡിന്റെ ഇരുദിശകളിലുമായി 11 കിലോമീറ്റർ ദൂരത്തിലാണ് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിലെ മൂന്ന് വരിപ്പാത ആറുവരിപ്പാതയായി മാറുന്നതോടെ പ്രതിദിനം ഏകദേശം 9,000 അധിക വാഹനങ്ങൾക്കുകൂടി ഈ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കും. ഇതോടെ ഗതാഗത കാര്യക്ഷമത 70 ശതമാനംവരെ ഉയരുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
പദ്ധതിയുടെ ഭാഗമായി 2.1 കിലോമീറ്റർ നീളത്തിൽ 14 പാലങ്ങളും അഞ്ച് തുരങ്കങ്ങളും നിർമിക്കുന്നതായി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഡയറക്ടർ ഐഷ അൽ സാബി വ്യക്തമാക്കി. റോഡിന്റെ ശേഷി നിലവിലുള്ളതിനെ അപേക്ഷിച്ച് 65 ശതമാനം വരെ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യുഎഇയിലെ വേനൽക്കാല ചൂടിൽ നിർമാണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും പദ്ധതിസ്ഥലത്ത് കർശനമായി പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
എമിറേറ്റ്സ് റോഡ് വികസന പദ്ധതിയുടെ നിർമാണം 2025 സെപ്തംബറിലാണ് ആരംഭിച്ചത്. രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരം കാണുന്നതിനും 2030ഓടെ രാജ്യത്തെ ഫെഡറൽ റോഡ് ശൃംഖല കൂടുതൽ ആധുനികമാക്കുന്നതിനുമുള്ള 170 ബില്യൺ ദിർഹത്തിന്റെ ദേശീയ അടിസ്ഥാനസൗകര്യ നിക്ഷേപ പദ്ധതിയിലെ പ്രധാന പദ്ധതികളിലൊന്നാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി.










0 comments