Deshabhimani

print edition ഇഷയ്ക്ക് വെള്ളി

Isha.jpg

വെള്ളി മെഡലുമായി ഇഷാ സിങ്

വെബ് ഡെസ്ക്

Published on Sep 29, 2026, 01:14 AM | 1 min read

നഗോയ: ഷൂട്ടിങ്‌ റേഞ്ചിൽ ഇഷാ സിങ്ങിന്‌ പൊരുതി നേടിയ വെള്ളി. വനിതകളുടെ 25 മീറ്റർ എയർ പിസ്‌റ്റളിൽ ഷൂട്ട്‌ ഓഫിലാണ്‌ ഇരുപത്തൊന്നുകാരി രണ്ടാമതായത്‌. ചൈനയുടെ ജിയാറുയ്‌ഷുവാൻ ഷിയാവോയ്‌ക്കാണ്‌ സ്വർണം. ഇരുവരും ഏഷ്യൻ ഗെയിംസ്‌ റെക്കോഡിനൊപ്പമെത്തി.


രണ്ട്‌ ദിവസം നീണ്ട യോഗ്യതാ റ‍ൗണ്ടിൽ എട്ടാം സ്ഥാനക്കാരിയായാണ്‌ ഇഷ ഫൈനലിൽ കടന്നത്‌. എട്ട്‌ പേർ അണിനിരന്ന ഫൈനലിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തു. രണ്ടാം ഘട്ടത്തിൽ ഉത്തര കൊറിയയുടെ ഹ്യോൺ സുക്‌ കിമ്മിനെ മൂന്ന്‌ സീരീസ്‌ നീണ്ട ഷൂട്ട്‌ ഓഫിൽ കീഴടക്കിയാണ്‌ ഇഷ മുന്നേറിയത്‌.


സ്വർണത്തിനായുള്ള പോരിൽ ഷിയാവോയ്‌ക്കൊപ്പം 38 സ്‌കോറുമായി ഒപ്പംനിന്നു. ഇതോടെ ഒന്നാംസ്ഥാനക്കാരിയെ കണ്ടെത്താൻ വീണ്ടും ഷൂട്ട്‌ ഓഫ്‌. ഷൂട്ട്‌ ഓഫ്‌ രണ്ടാംറ‍ൗണ്ടിൽ ഇഷയുടെ മോഹം പൊലിഞ്ഞു.


നിലവിലെ ലോക റെക്കോഡുകാരിയും ഒന്നാം റാങ്കുകാരിയുമാണ്‌ ഇഷ. ഹാങ്‌ഷു ഗെയിംസിൽ ഒരു സ്വർണവും രണ്ട്‌ വെള്ളിയുമാണ്‌ നേടിയത്‌. ഇക്കുറി 10 മീറ്റർ എയർ പിസ്‌റ്റളിൽ ഫൈനലിൽ കടക്കാനായില്ല.


25 മീറ്റർ എയർപിസ്‌റ്റളിൽ പ്രതീക്ഷയായിരുന്ന മനു ഭാക്കെറിന്‌ ഫൈനലിൽ കടക്കാനായില്ല. യോഗ്യതാ റ‍ൗണ്ടിൽ പതിനൊന്നാമതായി. രാഹി സർണോബത്‌ 30–ാം സ്ഥാനത്ത്‌ അവസാനിപ്പിച്ചു. വനിതാ ട്രാപ് വ്യക്തിഗത വിഭാഗത്തിൽ നീരു ദൻഡ ഒന്നാംസ്ഥാനക്കാരിയായി ഫൈനലിൽ കടന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home