Deshabhimani

കർഷകർക്ക്‌ ആശ്വാസം

വൈക്കോൽ വിൽപ്പന തകൃതി

തസ്രാക്ക് കൊയ‍്ത്ത് കഴിഞ്ഞ വയലിലെ വൈക്കോൽ ചുരുട്ടിയെടുക്കുന്നു
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

പാലക്കാട്‌

നെല്ല്‌ സംഭരണത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക്‌ ആശ്വാസമായി വൈക്കോൽ വിൽപ്പന. മഴക്കുറവുമൂലം രണ്ടാംവിള അനിശ്ചിതത്വത്തിലായതോടെ വലിയതോതിലാണ്‌ വ്യാപാരികൾ വൈക്കോൽ വാങ്ങിക്കൂട്ടുന്നത്‌. ഒരു കെട്ടിന്‌ 90–110 രൂപയാണ്‌ കർഷകന്‌ കിട്ടുന്നത്‌. എന്നാൽ, കർഷകർക്ക് കിട്ടുന്നതിന്റെ ഇരട്ടി വിലയ്ക്കാണ് വൈക്കോൽ ക്ഷീരകർഷകർക്ക് ലഭിക്കുന്നത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മൂന്നടിവീതിയുള്ള കെട്ടിന്‌ ശരാശരി 250 വരെയാണ്‌ ക്ഷീരകർഷകർ വാങ്ങുന്നത്‌. ചിലയിടങ്ങളിൽ 325 രൂപവരെയുണ്ട്‌. ഒന്നാംവിള കൊയ്ത്തുകാലത്ത് മഴയുണ്ടാകുമെന്നതിനാൽ സാധാരണ വൈക്കോൽ കിട്ടാറില്ല. പാടത്തെ ചെളിയിൽ വൈക്കോൽ പൂണ്ടുപോകുകയാണ് പതിവ്. മഴ മാറിനിൽക്കുന്നതിനാൽ വൈക്കോൽ ചുരുളാക്കിയെടുക്കാൻ പ്രയാസമില്ല. ഒരു ഹെക്ടറിൽനിന്ന് ശരാശരി 12,500 രൂപയുടെ വൈക്കോൽ വിൽക്കാമെന്നാണ്‌ വിലയിരുത്തൽ. സ്വന്തം ആവശ്യത്തിന് എടുത്തുവയ്‌ക്കുന്നതും ക്ഷീരകർഷകർ വാങ്ങുന്നതും ഒഴിവാക്കിയാൽ 25 കോടിയുടെ വൈക്കോൽ കയറ്റിപ്പോകുന്നുണ്ട്. പാടത്ത് ചിതറിക്കിടക്കുന്ന വൈക്കോൽ വെയിലത്ത് ഉണക്കിയശേഷമാണ് ട്രാക്ടറിൽ സ്ട്രോ ബെയ്‌ലർ ഉപയോഗിച്ച് ചുരുട്ടിയെടുക്കുക. കെട്ടിന്റെ വീതിക്ക്‌ അനുസരിച്ചാണ്‌ വില. തമിഴ്‌നാട്‌, തൃശൂർ. കോഴിക്കോട്‌ എന്നിവിടങ്ങളിലെ കച്ചവടക്കാരാണ്‌ വലിയതോതിൽ വൈക്കോൽ സംഭരിക്കുന്നത്‌. നെല്ലിന്റെ വിലപോലെ കാത്തിരിക്കാതെ തുക ഉടൻ കിട്ടുമെന്നത് കർഷകന്‌ ആശ്വാസമാണ്. വലിയ തോതിൽ വൈക്കോൽ ശേഖരിക്കുന്ന വ്യാപാരികൾ ഇരട്ടിവിലയ്‌ക്ക്‌ വിൽക്കുന്നതാണ്‌ രീതി. ചില ക്ഷീരകർഷകരും നെൽപ്പാടത്തിന്റെ അളവിനനുസരിച്ച് മൊത്തവില നൽകിയും വൈക്കോൽ എടുക്കുന്നുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home