ad
Deshabhimani

ട്രിപ്പിൾജമ്പിൽ അലീന , ഹർഡിൽസിൽ ഡെൽന , ഇന്ന്‌ 10 ഫൈനൽ

print edition പൊൻവെളിച്ചം ; അന്തർ സർവകലാശാല മീറ്റിൽ ഡെൽനയ്‌ക്കും അലീനയ്‌ക്കും സ്വർണം

Inter University Athletic Meet

വനിതകളുടെ ട്രിപ്പിൾ ജന്പിൽ എം ജി സർവകലാശാലയുടെ അലീന ടി സജി 
സ്വർണം നേടുന്നു / 400 മീറ്റർ ഹർഡിൽസിൽ കലിക്കറ്റ്‌ സർവകലാശാലയുടെ 
ഡെൽന ഫിലിപ്പിന്റെ സ്വർണ പ്രകടനം / ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

avatar
പ്രദീപ്‌ ഗോപാൽ

Published on Jan 14, 2026, 12:30 AM | 2 min read


മൂഢബിദ്രി (കർണാടക)

മഴ പെയ്‌തു മാറിയ ട്രാക്കിൽ കേരളത്തിന്റെ യുവതാരങ്ങൾക്ക്‌ പൊന്നഭിഷേകം. അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌സിന്റെ രണ്ടാംദിനം രണ്ട്‌ സ്വർണമാണ്‌ മലയാളി താരങ്ങൾ സ്വന്തമാക്കിയത്‌. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കലിക്കറ്റ്‌ സർവകലാശാലയുടെ ഡെൽന ഫിലിപ്പും ട്രിപ്പിൾ ജന്പിൽ എം ജി സർവകലാശാലയുടെ അലീന ടി സജിയും സ്വർണം നേടി. പതിമൂന്ന്‌ ഫൈനലുകൾ അരങ്ങേറിയ മൂഢബിദ്രിയിലെ സ്വരാജ്‌ മൈതാനത്ത്‌ സ്‌പ്രിന്റിൽ ഉൾപ്പെടെ തിളങ്ങി മദ്രാസ്‌ സർവകലാശാല നേട്ടമുണ്ടാക്കി.


വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഒരു മിനിറ്റ്‌ 00.12 സെക്കൻഡിലാണ്‌ ഡെൽനയുടെ നേട്ടം. മംഗളൂരു സർവകലാശാലയുടെ ദീക്ഷിത രാമ ഗ‍ൗഡ (1:00.96) വെള്ളിയും ദർവാഡിന്റെ മേഘ മുനവല്ലിമത്‌ (1:01.64) വെങ്കലവും സ്വന്തമാക്കി.


അവസാന 150 മീറ്ററിലാണ്‌ ഡെൽന ഒന്നാംസ്ഥാനത്തേക്ക്‌ കുതിച്ചത്‌. മൂന്ന്‌ തവണ സർവകലാശാല ട്രാക്കിൽ ഇറങ്ങിയ ഇരുപത്തിനാലുകാരിയുടെ ആദ്യ സ്വർണമാണിത്‌. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിൽ എം എ ഇംഗ്ലീഷ്‌ വിദ്യാർഥിയാണ്‌. കാസർകോട്‌ കടുമേനിയാണ്‌ സ്വദേശം. അച്ഛൻ ഫിലിപ്പ്‌. അമ്മ ബീന ഫിലിപ്പ്‌. തലശേരി സായ്‌ പരിശീലകൻ ലിജു വിജയൻ ആണ്‌ കോച്ച്‌. കലിക്കറ്റിന്റെ തന്നെ പ്രതിഭാ വർഗീസ്‌ എട്ടാമതായി.


ആശുപത്രി കിടക്കയിൽനിന്നാണ്‌ അലീന ട്രിപ്പിൾ ചാടാനെത്തിയത്‌. 12.79 മീറ്ററോടെയാണ്‌ സ്വർണം. ഭാവിതാരമായി വിലയിരുത്തപ്പെടുന്ന എസ്‌ആർഎം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സാധന രവി വെള്ളി നേടി. 12.74 മീറ്ററാണ്‌ പതിനെട്ടുകാരി ചാടിയത്‌. മഹാരാജ ഗംഗ സിങ്‌ സർവകലാശാലയുടെ പ്രീതി 12.52 മീറ്ററിൽ വെങ്കലവും നേടി. എംജിയുടെ തന്നെ ജാനിസ്‌ ട്രീസ റെജി ഏഴാമതായി.


നാലാമത്തെ ചാട്ടത്തിലാണ്‌ അലീന സ്വർണദൂ‍രം കണ്ടെത്തിയത്‌. കടുത്ത തലവേദനയും ഛർദിയും കാരണം പിറ്റിൽ ഇറങ്ങാൻ കഴിയാത്ത രീതിയിലായിരുന്നു. മരുന്ന്‌ കഴിച്ചശേഷമാണ്‌ ഭേദമായത്. മികച്ച പ്രകടനം പുറത്തെടുക്കാനായില്ല– മത്സരശേഷം അലീന പറഞ്ഞു. ചങ്ങനാശേരി അസംപ്‌ഷൻ കോളേജിലെ രണ്ടാം വർഷ എം എ ഇംഗ്ലീഷ്‌ വിദ്യാർഥിയാണ്‌. സ്‌പോർട്‌സ്‌ ക‍ൗൺസിൽ പരിശീലകനായ ബൈജു ജോസഫ്‌ ആണ്‌ കോച്ച്‌. ചങ്ങനാശേരി കുറുന്പനാടമാണ്‌ സ്വദേശം. അച്ഛൻ സജി മാത്യു, അമ്മ സജി സജി. പുരുഷ 400 മീറ്റർ ഹർഡിൽസിൽ മദ്രാസ്‌ സർവകലാശാലയുടെ എസ്‌ മഹേന്ദ്രൻ (51.35 സെക്കൻഡ്‌) ചാന്പ്യനായി.


നൂ‍റ്‌ മീറ്ററിൽ റെക്കോഡ്‌

ട്രാക്കിൽ സാം വസന്തം

കോയന്പത്തൂരുകാരൻ എസ്‌ സാം വസന്തിന്റെ മിന്നൽക്കുതിപ്പോടെ അഖിലേന്ത്യാ അന്തർ സർവകലാശാല മീറ്റിലെ ട്രാക്കിന്‌ ജീവൻവച്ചു. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ 10.39 സെക്കൻഡിൽ സാം റെക്കോഡിട്ടു. സെമിയിലാണ്‌ പുതിയ ദ‍ൂരം കുറിച്ചത്‌. 2018ൽ മംഗളൂരു സർവകലാശാലയുടെ വി എലക്യദാസൻ കുറിച്ച 10.41 സെക്കൻഡ്‌ സമയം തിരുത്തി. ഭാരതിയാർ സർവകലാശാലയ്‌ക്കായി ട്രാക്കിലിറങ്ങിയ ഇരുപതുകാരൻ ഫൈനലിൽ 10.44 സെക്കൻഡിൽ ഒന്നാമതെത്തി.


sam


ഫിനിഷ്‌ ചെയ്‌ത ഉടൻ ചെസ്‌റ്റ്‌ നന്പർ പറിച്ചെടുത്ത്‌ ഉയർത്തി. അതിൽ ഇങ്ങനെ കുറിച്ചിരുന്നു. ‘‘പ്രിയപ്പെട്ട അച്ഛനും അമ്മയ്‌ക്കും കോച്ചിനും ഇത്‌ സമർപ്പിക്കുന്നു’. കോയന്പത്തൂരിലെ കൊംഗിനാഡു ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിലെ ഡിഗ്രി വിദ്യാർഥിയാണ്‌. കർഷകരായ കളൈചെൽവിയും സുബ്രമണിയുമാണ്‌ മാതാപിതാക്കൾ. പരിശീലകൻ വേൽമുരുഗൻ. മംഗളൂരു സർവകലാശാലയുടെ വിഭാസ്‌കർ കുമാർ വെള്ളിയും (10.57) മദ്രാസ്‌ സർവകലാശലയുടെ ഗിറ്റ്‌സൺ താമര (10.59) വെങ്കലവും സ്വന്തമാക്കി.


വനിതകളിൽ മദ്രാസ്‌ സർവകലാശാലയുടെ പാർഥിപ സെൽവരാജ്‌ 11.74 സെക്കൻഡിൽ ചാന്പ്യനായി. തമിഴ്‌നാട്‌ നാമക്കൽ സ്വദേശിയാണ്‌ ഇരുപതുകാരി. സുബ്‌ദർശിനി (തമിഴ്‌നാട്‌ എസ്‌ആർഎം ഇൻസ്‌റ്റ്യ‍ൂട്ട്‌ ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി) 11.89 സെക്കൻഡിൽ വെള്ളിയും തനിഷ രാഘവ്‌ (ഡൽഹി സർവകലാശാല) 11.93 സെക്കൻഡിൽ വെങ്കലവും സ്വന്തമാക്കി. എംജിയുടെ എൻ ശ്രീന നാലാമതായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home