print edition അഖിലേന്ത്യാ അന്തർ സർവകലാശാല മീറ്റ് ; ആദ്യദിനം ഗൗരവ്, നിർമല

അഖിലേന്ത്യാ അന്തർ സർവകലാശാല അത്ലറ്റിക്--സ് മീറ്റിന് തുടക്കം കുറിച്ച് മൂഢബിദ്രിയിലെ സ്വരാജ് മൈതാനത്ത് മാർച്ച് പാസ്റ്റിൽ കലിക്കറ്റ് സർവകലാശാല ടീം /ഫോട്ടോ: സുരേന്ദ്രേൻ മടിക്കെെ
പ്രദീപ് ഗോപാൽ
Published on Jan 13, 2026, 01:00 AM | 2 min read
മൂഢബിദ്രി (കർണാടക)
അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം യുപിക്കാരൻ ഗൗരവിന്. പുരുഷൻമാരുടെ 10000 മീറ്റർ ഓട്ടത്തിൽ ബറേയ്‌ലിയിലെ മഹാത്‌മാ ജ്യോതിബ ഫുലെ രോഹിൽഖണ്ഡ് സർവകലാശാലയ്‌ക്കായി ഇറങ്ങി ഗൗരവ് തകർപ്പൻ പ്രകടനത്തോടെ ചാന്പ്യനായി. 29 മിനിറ്റ് 19.46 സെക്കൻഡിലാണ് ഒന്നാമതെത്തിയത്. വനിതകളിൽ മംഗളൂരു സർവകലാശാലയുടെ നിർമല സ്വർണം നേടി. 34 മിനിറ്റ് 47.20 സെക്കൻഡിലാണ് രാജസ്ഥാൻകാരി ഒന്നാമതെത്തിയത്.

പുരുഷ പതിനായിരം മീറ്ററിൽ ഗൗരവിന് വെല്ലുവിളിയുണ്ടായില്ല. റോത്തക്ക് മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയുടെ ആകാശ് (29:19.91) വെള്ളിയും റായ്ച്ചുർ എഎസ്എംവി സര്‍വകലാശാലയുടെ പ്രിന്‍സിറായ് യാദവ് (29:21.40) വെങ്കലവും സ്വന്തമാക്കി. വനിതകളിൽ അവസാന ലാപ്പുകളിലെ കുതിപ്പിലാണ് നിർമല ഒന്നാമതെത്തിയത്. സാവിത്രിഭായ് ഫുലെ സര്‍വകലാശാലയുടെ രവീണ വിജയ് ഗെയ്‌ക്ക്‌വാദ് വെള്ളിയും (34:48.07) ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയുടെ അഞ്ജലി ദേവി വെങ്കലവും (34:49.54) സ്വന്തമാക്കി. അവസാന ലാപ്പ്‌വരെ മെഡൽ മേഖലയിലുണ്ടായിരുന്ന എംജി സർവകലാശാലയുടെ വി രഞ്‌ജിത നാലാമതായി.
വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ എംജിയുടെ എൻ ശ്രീന 11.87 സെക്കൻഡിൽ സെമി ഫൈനലിൽ കടന്നു. സെമിയിലെത്തിയവരിൽ മികച്ച രണ്ടാമത്തെ സമയമാണിത്. പുരുഷ നൂറിൽ മലയാളി താരങ്ങൾക്ക് മുന്നേറാനായില്ല.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കലിക്കറ്റ് സർവകലാശാലയുടെ ഡെൽന ഫിലിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. ട്രിപ്പിൾജന്പിൽ എംജിയുടെ അലീന ടി സജിയും ജാനിസ് ട്രീസ റെജിയും കിരീടപ്പോരിലേക്ക് മുന്നേറി. വനിതാ ഡിസ്‌കസ് ത്രോയിൽ അഖില രാജുവും ഇന്നിറങ്ങും. കലിക്കറ്റിന്റെ സി പി തൗഫീറയുമുണ്ട്.
പുരുഷ ഹൈജന്പിൽ കലിക്കറ്റിന്റെ ബി ബിനോയിയും പാർഥിവ് വിനോദും മികച്ച ഉയരംകുറിച്ച് ഫൈനലിലെത്തി. എം ജിയുടെ കെ എസ് ഷാൽബിനും മുന്നേറി. 400 മീറ്റർ ഹർഡിൽസിൽ ഇ ഹരീശ്വറും ഫൈനലിലെത്തി. എണ്ണൂറിൽ ഇരുവിഭാഗത്തിലും നിരാശയായിരുന്നു ഫലം. കലിക്കറ്റിന്റെ ജെ ബിജോയ് സെമിയിൽ അവസാന സ്ഥാനത്തായി.
അഞ്ച് ദിവസംനീളുന്ന കായിക മേളയ്‌ക്കാണ് മൂഢബിദ്രിയിലെ സ്വരാജ് മൈതാനത്തിൽ തുടക്കമായത്.രാജ്യത്തെ 305 സർവകലാശാലകളിൽനിന്നുള്ള കായിക താരങ്ങൾ മാർച്ച് പാസ്‌റ്റിൽ അണിനിരന്നു.
വേഗക്കാരെ ഇന്നറിയാം
മീറ്റിലെ വേഗക്കാരെ ഇന്നറിയാം. പുരുഷ, വനിതാ 100 മീറ്റർ ഓട്ടത്തിന്റെ ഫൈനലുകൾ ഇന്ന് നടക്കും. ഇതുൾപ്പെടെ ആകെ 14 ഫൈനലുകളാണ് മീറ്റിന്റെ രണ്ടാംദിനം.










0 comments