ad
Deshabhimani

അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക്‌സ്‌ കലിക്കറ്റിന്‌ രണ്ട്‌ മെഡൽ

print edition മദ്രാസ്‌ മിന്നൽ ; പുരുഷ വിഭാഗത്തിൽ മദ്രാസ്‌ സർവകലാശാല ഒന്നാമത്‌

Inter University Athletic Meet

അന്തർ സർവകലാശാല അത്ലറ്റിക്-- മീറ്റിൽ പുരുഷന്മാരുടെ സ്റ്റീപ്പിൾ ചേസിൽ കലിക്കറ്റ്‌ സർവകലാശാലയുടെ 
എസ് മനോജ്‌ കുമാർ (നടുവിൽ) വെള്ളിയിലേക്ക് / ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

avatar
പ്രദീപ്‌ ഗോപാൽ

Published on Jan 15, 2026, 12:00 AM | 1 min read


മ‍ൂ‍ഢബിദ്രി (കർണാടക)

അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌സിന്റെ മൂന്നാംദിനത്തിൽ കളംനിറഞ്ഞ്‌ മദ്രാസ്‌ സർവകലാശാല. പുരുഷ ട്രിപ്പിൾജന്പിൽ ജെ മോഹൻരാജും 400 മീറ്റർ ഓട്ടത്തിൽ ഡി അജയും തകർപ്പൻ പ്രകടനത്തോടെ സ്വർണമണിഞ്ഞപ്പോൾ മദ്രാസ്‌ സർവകലാശാല കുതിച്ചു. മീറ്റ്‌ നാളെ സമാപിക്കാനിരിക്കെ പുരുഷ വിഭാഗത്തിൽ 38 പോയിന്റുമായി മദ്രാസ്‌ ഒന്നാമതാണ്‌. വനിതകളിൽ 36 പോയിന്റുള്ള ഛണ്ഡീഗഢ്‌ സർവകലാശാലയാണ്‌ മുന്നിൽ. ഇരുവിഭാഗത്തിലും മംഗളൂ‍രു സർവകലാശാല രണ്ടാമത്‌ നിൽക്കുന്നു. ഓവറോളിൽ മംഗളൂരുവിനാണ്‌ ഒന്നാംസ്ഥാനം.


മൂന്നാംദിനം കലിക്കറ്റ്‌ സർവകലാശാലയ്‌ക്ക്‌ രണ്ട്‌ മെഡലുകൾ ലഭിച്ചു. പുരുഷൻമാരുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ എം മനോജ്‌ കുമാർ വെള്ളിയും ട്രിപ്പിൾ ജന്പിൽ കലിക്കറ്റിനായി ഇറങ്ങിയ തിരുച്ചിറപ്പള്ളിക്കാരൻ എം ഡൊണാൾഡ്‌ വെങ്കലവും സ്വന്തമാക്കി.


പുരുഷൻമാരുടെ ഒറ്റലാപ്പിൽ 46.83 സെക്കൻഡിലായിരുന്നു അജയുടെ നേട്ടം. തമിഴ്‌നാട്‌ സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (എസ്‌ഡിഎടി) നാനൂറ്‌ മീറ്ററിലെ താരങ്ങളെ കണ്ടെത്താൻ ആരംഭിച്ച പ്രത്യേക പരിശീലന പദ്ധതിയിലൂടെയാണ്‌ അജയുടെ വരവ്‌. എട്ട്‌ മാസമായി ആരംഭിച്ച പദ്ധതിയുടെ ആദ്യ മെഡലാണ്‌ മൂഢബിദ്രിയിൽ പിറന്നത്‌. എട്ട്‌ പേരാണ്‌ നിലവിൽ പദ്ധതിയുടെ ഭാഗമായുള്ളത്‌. ദേശീയ റെക്കോഡുകാരൻ ടി കെ വിശാലിനൊപ്പമാണ്‌ അജയുടെ പരിശീലനം.


എസ്‌ഡിഎടി ജന്പിങ്‌ ഇനങ്ങളുടെ പ്രത്യേക കോച്ചായി കൊണ്ടുവന്ന റുമേനിയക്കാരൻ ബെഡ്‌റോസ്‌ ബെഡ്രോസിയാന്‌ കീഴിലാണ്‌ മോഹൻരാജിന്റെ പരിശീലനം. അവസാന ചാട്ടത്തിലാണ്‌ ചെന്നൈക്കാരൻ സ്വർണദൂരം ( (16.09 മീറ്റർ))കണ്ടൈത്തിയത്‌. സ്‌റ്റീപ്പിൾചേസിൽ എട്ട്‌ മിനിറ്റ്‌ 48.80 സെക്കൻഡിലാണ്‌ മനോജ്‌ കുമാർ ദൂരം പൂ‍ർത്തിയാക്കിയത്‌. പാലക്കാട്‌ വാളയാർ സ്വദേശിയായ മനോജ്‌ തൃശൂർ സെന്റ്‌ തോമസ്‌ കോളേജിലെ വിദ്യാർഥിയാണ്‌. ഗുജറാത്ത്‌ സ്വർണിം സ്‌പോർട്‌സ്‌ കോളേജിലെ രൺവീർ സിങ്‌ എട്ട്‌ മിനിറ്റ്‌ 45.94 സെക്കൻഡിൽ ഒന്നാമതെത്തി.


ട്രിപ്പിളിൽ 15.50 മീറ്റർ ചാടിയാണ്‌ ഡൊണാൾഡ്‌ വെങ്കലം നേടിയത്‌. തമിഴ്‌നാട്‌ തിരുച്ചിറപ്പള്ളി പുല്ലന്പാടി സ്വദേശിയായ ഡൊണാൾഡ്‌ തൃശൂർ സെന്റ്‌ തോമസ്‌ കോളേജിലെ ബിരുദ വിഥ്യാർഥിയാണ്‌.


4x400 മിക്‌സഡ്‌ റിലേയിൽ കേരളത്തിൽനിന്നുള്ള സർവകലാശാലകൾക്ക്‌ നേട്ടമുണ്ടാക്കാനായില്ല. കലിക്കറ്റ്‌ നാലാമതും എംജി സർവകലാശാല ഏഴാമതുമായി. നാലാംദിനമായ ഇന്ന്‌ ഹെപ്‌റ്റാത്ത്‌ലൺ ഉൾപ്പെടെ ഒന്പതിനങ്ങളിൽ മെഡൽ നിശ്‌ചയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home