ad
Deshabhimani

ഹെെജമ്പിൽ റെക്കോഡ്: ഉയരെ, പൂജ

print edition മദ്രാസ്‌ ‘സൂപ്പർ ഫാസ്‌റ്റ്‌'

Inter University Athletic Meet

അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌സിൽ വനിതകളുടെ ഹെെജമ്പിൽ പഞ്ചാബ്‌ ലവ്‌ലി പ്രഫഷണൽ 
സർവകലാശാലയുടെ പൂജ റെക്കോഡോടെ സ്വർണത്തിലേക്ക് /ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

avatar
പ്രദീപ്‌ ഗോപാൽ

Published on Jan 17, 2026, 01:31 AM | 3 min read


മൂഢബിദ്രി(കർണാടക)

അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌സിൽ മിന്നൽക്കുതിപ്പുമായി മദ്രാസ്‌ സർവകലാശാല. സ്‌പ്രിന്റിലും ഒറ്റലാപ്പിലും റിലേയിലുമുൾപ്പെടെ കരുത്തുകാട്ടിയ മദ്രാസ്‌ നിലവിലെ ജേതാക്കളായ മംഗളൂരു സർവകലാശാലയെ ബഹുദൂരം പിന്തള്ളി.


134 പോയിന്റുമായാണ്‌ ഓവറോൾ ചാന്പ്യൻമാരായത്‌. മംഗളൂരു സർവകലാശാല 109 പോയിന്റുമായി രണ്ടാമതായി. 89 പോയിന്റുള്ള ഛണ്ഡീഗഢ്‌ സർവകലാശാല മൂന്നാമതെത്തി. കലിക്കറ്റ്‌ സർവകലാശാലയ്‌ക്കാണ്‌ നാലാംസ്ഥാനം (53). എം ജി സർവകലാശാല ആറാമതായി (41).


പുരുഷ വിഭാഗത്തിൽ മദ്രാസാണ്‌ ഒന്നാമത്‌ (74). കലിക്കറ്റിന്‌ നാലാംസ്ഥാനം (22). വനിതകളിൽ ഛണ്ഡീഗഢിനാണ്‌ ചാന്പ്യൻഷിപ്‌ (67). എംജി നാലാമതെത്തി (34). കലിക്കറ്റ്‌ അഞ്ചാമതായി (28).


മീറ്റിന്റെ അവസാനദിനം കേരളത്തിലെ സർവകലാശാലകളിൽ കോട്ടയം എം ജി സർവകലാശാല നേട്ടമുണ്ടാക്കി. വനിതാ 4x100 മീറ്റർ റിലേ സ്വർണം നേടി. രണ്ട്‌ വെള്ളിയും ഒരു വെങ്കലവും കൂടി എംജി അഞ്ചാംദിനം നേടി. കലിക്കറ്റ്‌ സർവകലാശാലയ്‌ക്ക്‌ ഒരു വെങ്കലം കിട്ടി.


റിലേയിൽ 46.20സെക്കൻഡിലാണ് എംജി ഒന്നാമതെത്തിയത്‌. പാലാ അൽഫോൺസാ കോളേജിലെ എച്ച്‌ അമാനിക, ചങ്ങനാശേരി അസംപ്‌ഷന്റെ രശ്‌മി ജയരാജ്‌, എറണാകുളം മഹാരാജാസ്‌ കോളേജിന്റെ വി എസ്‌ ഭാവിക, അസംപ്‌ഷന്റെ എൻ ശ്രീന എന്നിവരുൾപ്പെട്ട ടീം പൊന്നണിഞ്ഞു. ശ്രീനയ്‌ക്ക്‌ 200 മീറ്റർ ഓട്ടത്തിൽ വെള്ളിയുണ്ട്‌ (24.25 സെക്കൻഡ്‌).


വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ എംജിയുടെ എൻ പ‍ൗർണമി 16 മിനിറ്റ്‌ 51.62 സെക്കൻഡിൽ രണ്ടാമതെത്തി. ആദികവി മഹർഷി സർവകലാശാലയുടെ സോണി ദേവിക്കാണ്‌ സ്വർണം (16:50.98 ). പുരുഷൻമാരുടെ 200 മീറ്ററിൽ എംജിയുടെ എസ്‌ ആർ രോഹൻ 21.55 സെക്കൻഡിൽ വെങ്കലം നേടി. എറണാകുളം കടവന്ത്ര സ്വദേശിയായ രോഹൻ മഹാരാജാസ്‌ കോളേജിലെ രണ്ടാംവർഷം ബിഎസ്‌സി മാത്‌സ്‌ വിദ്യാർഥിയാണ്‌.


എസ്‌ആർഎം സർവകലാശാലയുടെ ജെ ഗോകുൽ പാണ്ഡ്യനാണ്‌ സ്വർണം (21.22 ). ധർവാഡിന്റെ പ്രസന്നകുമാർ വി മന്നു (21.55) വെള്ളിയും നേടി. പുരുഷവിഭാഗം 4-x100 മീറ്റര്‍ റിലേയില്‍ കലിക്കറ്റ് സര്‍വകലാശാല വെങ്കലം നേടി (41.04 സെക്കൻഡ്‌). അജിന്‍, മുഹമ്മദ് ഉവൈസ്, കൃഷ്ണപ്രകാശ്, മുഹമ്മദ് ഷാമില്‍ എന്നിവരായിരുന്നു ടീമംഗങ്ങള്‍.

കേരളത്തിൽനിന്നുള്ള കേരള, കണ്ണൂ‍ർ സർവകലാശാലകൾക്ക്‌ നേട്ടമുണ്ടാക്കാനായില്ല.


ഹെെജമ്പിൽ റെക്കോഡ്: ഉയരെ, പൂജ

ഏഷ്യൻ ഗെയിംസിനുള്ള ഒരുക്കം ഗംഭീരമാക്കി ഹരിയാനക്കാരി പൂജ. ഹൈജന്പിൽ ഇന്ത്യൻ അത്‌ലറ്റിക്‌സിലെ പുത്തൻ താരോദമായ പൂജ റെക്കോഡോടെയാണ്‌ അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌സിൽ പൊന്നണിഞ്ഞത്‌. 1.85 മീറ്റർ ഉയരം ചാടിയാണ്‌ നേട്ടം. കഴിഞ്ഞ വർഷം കുറിച്ച 1.84 മീറ്ററിലെ സ്വന്തം റെക്കോഡ്‌ തിരുത്തി.


ചൈനയിൽ ഫെബ്രുവരി ആറിന്‌ ആരംഭിക്കുന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്‌സിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാണ്‌ പതിനെട്ടുകാരി. 1.72 മീറ്ററിലായിരുന്നു മൂഢബിദ്രിയിൽ പൂജയുടെ ആദ്യ ചാട്ടം. 1.75 മീറ്ററും 1.80 മീറ്ററും ആദ്യശ്രമത്തിൽ കീഴടക്കി. പിന്നാലെ റെക്കോഡ്‌ ഉയരവും വരുതിയിലാക്കി. ഏഷ്യൻ ട്രാക്ക്‌ ആൻഡ്‌ ഫീൽഡിൽ കുറിച്ച 1.89 ഉയരം തിരുത്താനുള്ള ശ്രമം വിജയംകണ്ടില്ല.


പഞ്ചാബ്‌ ലവ്‌ലി പ്രഫഷണൽ സർവകലാശാലയിൽ ബിപിഇഎസ്‌ രണ്ടാം വർഷ വിദ്യാർഥിയാണ്‌. അഞ്‌ജു ബോബി ജോർജ്‌ അക്കാദമിയിലാണ്‌ പരിശീലനം. ഉസ്‌ബെക്കിസ്ഥാന്റെ സർഗെ ആണ്‌ പരിശീലകൻ. പരിക്ക്‌ കഴിഞ്ഞ്‌ എത്തിയതിനാൽ മികച്ച ഉയരം കുറിക്കാനായില്ലെന്ന്‌ പൂജ പറഞ്ഞു. ‘ ഏഷ്യൻ ഗെയിംസ്‌ ആണ്‌ ലക്ഷ്യം. പിന്നെ ദേശീയ റെക്കോഡും. ഇ‍ൗ വർഷംതന്നെ റെക്കോഡ്‌ മറികടക്കാനാകുമെന്നാണ്‌ പ്രതീക്ഷ’– പൂജ വ്യക്തമാക്കി.


മീറ്റിൽ രണ്ടിനങ്ങളിൽ കൂടി റെക്കോഡ്‌ പിറന്നു. പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ മംഗളൂരു സർവകലാശാല റെക്കോഡിട്ടു (3:08.45). മദ്രാസ്‌ സർവകലാശാലയും നിലവിലെ റെക്കോഡ്‌ മറികടക്കുന്ന പ്രകടനം പുറത്തെടുത്തു.


പാർഥിപയ്‌ക്ക്‌ 
സ്‌പ്രിന്റ്‌ ഡബിൾ

തമിഴ്‌നാട്ടുകാരി പാർഥിപ സെൽവരാജിന്‌ സ്‌പ്രിന്റ്‌ ഡബിൾ. വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ 24.11 സെക്കൻഡിലാണ്‌ നേട്ടം. മൂ‍ന്നാംദിനം 100 മീറ്റർ ജയിച്ച്‌ വേഗക്കാരിയായിരുന്നു. മദ്രാസ്‌ സർവകലാശാലയുടെ അത്‌ലീറ്റാണ്. സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ തമിഴ്‌നാട്‌ (എസ്‌ഡിഎടി) താരമാണ് ഇരുപതുകാരി. തിരുച്ചിറപ്പള്ളി നാമക്കലാണ്‌ സ്വദേശം.



താനിയ കടന്നു ദേശീയ ദൂരം

ചണ്ഡീഗഡ് സര്‍വകലാശാലയുടെ രാജ്യാന്തര താരം താനിയ ചൗധരി ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം പുറത്തെടുത്തു. വനിതകളുടെ ഹാമര്‍ത്രോയില്‍ 65.60 മീറ്റര്‍ ദൂരമെറിഞ്ഞു. സരിത സിങിന്റെ ഒമ്പത് വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനമായി ഇത്. സര്‍വകലാശാല മത്സരങ്ങളെ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ ഔദ്യോഗിക റെക്കോഡായി അംഗീകരിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home