ad
Deshabhimani

ലോങ്ജമ്പിൽ എം ശ്രീശങ്കറിന്‌ വെള്ളി

print edition പറക്കും ശങ്കു; പരിക്കിൽനിന്നും 
തിരിച്ചെത്തി 
അഭിമാനനേട്ടം

M Sreeshankar

എം ശ്രീശങ്കർ

വെബ് ഡെസ്ക്

Published on Jul 31, 2026, 01:38 AM | 1 min read

ഗ്ലാസ്‌ഗോ (സ്‌കോട്‌ലൻഡ്‌): അതിജീവനത്തിന്റെയും നിശ്‌ചയദാർഢ്യത്തിന്റെയും മറുപേരാണിപ്പോൾ എം ശ്രീശങ്കർ. കോമൺവെൽത്ത്‌ ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും ശങ്കുവിന്‌ വെള്ളിപ്പതക്കം. കായികജീവിതം തകർത്തെന്ന്‌ കരുതിയ പരിക്കിൽനിന്നും കുതറിമാറി നേടിയ വിജയത്തിന്‌ പൊന്നിൻതിളക്കം. 8.09 മീറ്റർ ചാടിയാണ്‌ വെള്ളി മെഡൽ നേടിയത്‌.


പാരിസ്‌ ഒളിമ്പിക്‌സിനുള്ള പരിശീലനത്തിനിടെ 2024 ഏപ്രിലിലാണ്‌ ഇടത് കാൽമുട്ടിന്‌ പരിക്കേറ്റത്‌. തുടർന്ന്‌ ദോഹയിലെ ആശുപത്രിയിൽ ശസ്‌ത്രക്രിയ. വീണ്ടും കളത്തിൽ ഇറങ്ങാൻ പറ്റുമോയെന്നറിയാതെ വിശ്രമം മാത്രമായ ദിവസങ്ങൾ. ഒടുവിൽ 650 ദിവസത്തെ ഇടവേളക്കുശേഷം 2025 ജൂലൈയിൽ പുണെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ മീറ്റിൽ സ്വർണത്തോടെ തിരിച്ചുവരവ്‌. അന്ന്‌ 8.05 മീറ്ററാണ്‌ ചാടിയത്‌. കഴിഞ്ഞ ഒരുവർഷത്തിനിടെ ‘പുതുക്കിപ്പണിത’ കാൽമുട്ടിൽ അത്ഭുത പ്രകടനങ്ങൾ. കഴിഞ്ഞ മാസം ഭുവനേശ്വറിൽ നടന്ന ഇന്റർ സ്‌റ്റേറ്റ്‌ മീറ്റിൽ താണ്ടിയത്‌ 8.38 മീറ്റർ. ഇ‍ൗ സീസണിൽ മാത്രം 12 തവണ എട്ട്‌ മീറ്റർ മറികടന്നു.


കഴിഞ്ഞ കോമൺവെൽത്ത്‌ ഗെയിംസിൽ 8.08 മീറ്റർ ചാടി വെള്ളിയുണ്ടായിരുന്നു. ഇത്തവണ സ്വർണപ്രതീക്ഷയിലാണ്‌ ഇറങ്ങിയത്‌. 12 അത്‌ലീറ്റുകൾ അണിനിരന്ന ഫൈനലിൽ ആദ്യ ചാട്ടം 8.03 മീറ്ററായിരുന്നു. അടുത്തതിലാണ്‌ വെള്ളി ദൂരം. തുടർന്ന്‌ രണ്ട്‌ ചാട്ടവും ഫ‍ൗളായത്‌ തിരിച്ചടിയായി.


അവൻ നടക്കില്ലെന്ന്‌ കരുതി


ശ്രീശങ്കറിന്റെ വിജയത്തിന്‌ പിന്നിലൊരു ശക്തിയുണ്ട്‌. അതാണ്‌ അച്ഛനും പരിശീലകനുമായ എസ്‌ മുരളി. കായികതാരമായിരുന്ന അമ്മ കെ എസ്‌ ബിജിമോൾ പാലക്കാട്‌ യാക്കരയിലെ വീട്ടിലാണെങ്കിൽ മുരളി എപ്പോഴും കൂടെയുണ്ട്‌. വീട്‌ വിട്ടിട്ട്‌ മാസങ്ങളായി.

സാഫ്‌ ഗെയിംസ്‌ ട്രിപ്പൾജമ്പിൽ വെള്ളി മെഡലുകാരനാണ്‌ മുരളി. ശ്രീശങ്കറിന്റെ കോമൺവെൽത്ത്‌ ഗെയിംസിലെ വെള്ളിക്ക്‌ പൊന്നുംവിലയുണ്ടെന്ന്‌ മുരളി പറഞ്ഞു.


M Sreeshankar with father Muraliശ്രീശങ്കറും അച്ഛൻ മുരളിയും മത്സരശേഷം വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നു


‘ ഏത്ര ദൂരം ചാടുന്നതിലല്ല, ഒരു മെഡൽ അതാണ്‌ ആഗ്രഹിച്ചത്‌. ഇതൊരു രണ്ടാംവരവുതന്നെയാണ്‌. രണ്ടാം ജന്മം എന്ന്‌ ഞാൻ പറയും. അവൻ ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയതാണ്. ദൃഢനിശ്‌ചയം, അച്ചടക്കം, ആത്മസമർപ്പണം ഇ‍ൗ മൂന്ന്‌ ഘടകങ്ങൾ അവനെ വീണ്ടും ലോകവേദിയിലെത്തിച്ചു. കരിയർ അവസാനിച്ചു എന്ന്‌ കരുതിയിടത്തുനിന്ന്‌ വീണ്ടുമൊരു തിരിച്ചുവരവ്‌. പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്ന്‌ മുരളി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home