ശ്രദ്ധേയമായി ‘കെ സ്‌കോപ്’ പ്രദർശനം

എറണാകുളം ദർബാർ ഹാളിൽ നടക്കുന്ന എടത്തല കെഎംഇഎ കോളേജ് ഓഫ് ആർക്കിടെക്‌ചറിന്റെ വാർഷിക ആർക്കിടെക്‌ചറൽ പ്രദർശനം ‘കെ സ്‌കോപ് –2026’ ന്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു
കൊച്ചി
സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സൃഷ്ടികൾ കൂട്ടിയിണക്കി വേറിട്ടൊരു പ്രദർശനം. എടത്തല കെഎംഇഎ കോളേജ് ഓഫ് ആർക്കിടെക്‌ചറിന്റെ വാർഷിക ആർക്കിടെക്‌ചറൽ പ്രദർശനം ‘കെ സ്‌കോപ് –2026’ തുടങ്ങി.
മേയിൽ ഇടപ്പള്ളി ഗവ. യുപി സ്‌കൂളിൽ സംഘടിപ്പിച്ച ‘വരവട്ടം’ പദ്ധതിയുടെ ഭാഗമായുള്ള കലാസൃഷ്‌ടികളും കോളേജ് വിദ്യാർഥികളുടെ സൃഷ്‌ടികളുമാണ് പ്രദർശനത്തിനുള്ളത്. കുട്ടികളുടെയും പൊതുസമൂഹത്തിന്റെയും വിവിധ കഴിവുകളെ പരിപോഷിപ്പിക്കുകയായിരുന്നു വരവട്ടം പദ്ധതിയുടെ ലക്ഷ്യം.
സ്‌കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി, പെയിന്റിങ്, കവിത മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുത്തവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൺചട്ടികളിൽ നിറങ്ങൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ, തുണിയിൽ കെട്ടുകളും നിറങ്ങളും ഉപയോഗിച്ച് മനോഹര സൃഷ്ടികളാക്കുന്ന കെട്ടുചായം, കളിമണ്ണിൽ തീർത്ത വിവിധ ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശനത്തിൽ ശ്രദ്ധേയമാണ്.
വിദ്യാർഥികളുടെ ആർക്കിടെക്‌ചറൽ ഡ്രോയിങ്ങുകൾ, മാതൃകകൾ, ഇൻസ്റ്റലേഷൻ, ഡിസൈൻ പഠനങ്ങൾ എന്നിവയുമുണ്ട്. എറണാകുളം ദർബാൾ ഹാൾ ആർട്ട് ഗാലറിയിലെ പ്രദർശനം ആർക്കിടെക്ടുമാരായ രമേഷ് ജെ തരകൻ, ജോർജ് മത്തായി എന്നിവർ ചേർന്ന് ഉദ്‌ഘാടനംചെയ്തു. ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ശനിയാഴ്ച സമാപിക്കും. സമാപന സമ്മേളനം മേയർ വി കെ മിനിമോൾ ഉദ്‌ഘാടനംചെയ്യും.










0 comments