തദ്ദേശസ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക്
യുഡിഎഫ് സർക്കാർ ഫണ്ട് വെട്ടി; തകർക്കുന്നു വികസനവും ജീവിതവും

സ്വന്തം ലേഖകൻ
Published on Jul 31, 2026, 02:58 AM | 1 min read
കൊച്ചി
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം യുഡിഎഫ് സർക്കാർ വെട്ടിച്ചുരുക്കിയതോടെ നഗരത്തിലെയും ഗ്രാമങ്ങളിലെയും വികസന, ക്ഷേമ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലേക്ക്. നാടിന്റെ പുരോഗതി മുടക്കുകയാണ് സർക്കാർ. പാവപ്പെട്ടവരുടെയും രോഗികളുടെയും ഭിന്നശേഷിക്കാരുടെയും ജീവിതം പ്രയാസത്തിലേക്ക് തള്ളിവിട്ടു.
പദ്ധതിവിഹിതം വെട്ടിച്ചുരുക്കിയതോടെ നാടിന്റെ അടിസ്ഥാനസൗകര്യ വികസനം, പൊതുജനാരോഗ്യം, വെള്ളക്കെട്ടുനിവാരണം, റോഡ് വികസനം, സാമൂഹ്യക്ഷേമ പദ്ധതികൾ, ഭവനനിർമാണം, വനിത–ഭിന്നശേഷി വിഭാഗ ക്ഷേമപ്രവർത്തനം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വികസനങ്ങൾ, പട്ടികജാതി–വർഗ വികസനപദ്ധതികൾ ഉൾപ്പെടെ താളംതെറ്റുന്ന സ്ഥിതിയായി. കിടപ്പുരോഗികൾക്കും മാരക അസുഖം ബാധിച്ചവർക്കും ആശ്വാസം പകരുന്ന സാന്ത്വനപരിചരണം, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി.
എൽഡിഎഫ് സർക്കാർ വകയിരുത്തിയ തുക പുതുക്കിയ ബജറ്റിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർദയം വെട്ടുകയായിരുന്നു. വികസനഫണ്ടിന് (പൊതുവിഭാഗം) പുറമെ പട്ടികജാതി ഉപപദ്ധതി, പട്ടികവർഗ ഉപപദ്ധതി ഫണ്ടുകൾ വെട്ടി. കൊച്ചി കോർപറേഷനിൽ വികസനഫണ്ടിൽ 100 കോടിയിലധികമാണ് വെട്ടിയത്. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 133.34 കോടിയായിരുന്നു. പുതുക്കിയ ബജറ്റിൽ യുഡിഎഫ് സർക്കാർ ഇത് 22.79 കോടിയായി കുറച്ചു. നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലും സമാനസ്ഥിതിയാണ്. ഫണ്ട് കുറച്ചതോടെ പദ്ധതികൾ ചുരുക്കുകയോ പുനഃക്രമീരിക്കുകയോ ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്.









0 comments