ട്രോളിങ് നിരോധനം അര്‍ധരാത്രി അവസാനിക്കും
മീന്‍ തേടി ഇന്നിറങ്ങും യാനങ്ങള്‍

കടലല മേലെ കനകം തേടി... വൈപ്പിൻ കാളമുക്ക് ഹാർബറിൽ ട്രോളിങ് നിരോധനശേഷം കടലിൽ പോകാൻ തയ്യാറെടുക്കുന്ന ബോട്ടിൽ വല കയറ്റുന്ന തൊഴിലാളികൾ
കൊച്ചി
അന്പത്തിരണ്ടുദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം വെള്ളി അര്‍ധരാത്രിയോടെ ബോട്ടുകള്‍ കടലിലിറങ്ങും. പുതിയ മീന്‍കാലത്തിനായി ജില്ലയിലെ ഹാര്‍ബറുകളും ഫിഷ് ലാന്‍ഡിങ് സെന്ററുകളും ഒരുങ്ങി. ആഗസ്‌ത് ഒന്നുമുതല്‍ തീരത്ത് മീൻവിപണി വീണ്ടും സജീവമാകും. ബോട്ടുകളില്‍ ഐസ്, ഭക്ഷണസാധനങ്ങള്‍, വല എന്നിവ കയറ്റുന്ന ജോലി പൂര്‍ത്തിയായി.
ലോഡിങ്, കയറ്റുമതി, ഇന്ധനം, വാഹനങ്ങള്‍, ഐസ് പ്ലാന്റ്, പീലിങ്, ബോട്ട് നിര്‍മാണം, വലനിര്‍മാണം, മൊത്ത–ചില്ലറ വില്‍പ്പന, മത്സ്യസംസ്കരണം, വളംനിര്‍മാണം, മൂല്യവര്‍ധിത ഉല്‍പ്പന്നനിര്‍മാണം തുടങ്ങി അനുബന്ധ തൊഴില്‍മേഖലയും ഉണര്‍ന്നുകഴിഞ്ഞു.
ട്രോളിങ് നിരോധനകാലയളവില്‍ തിരിച്ചുപോയവരും മറ്റുതൊഴിലുകളിലേക്കും പോയ അതിഥിത്തൊഴിലാളികളും തീരമേഖലയിലേക്ക് തിരിച്ചെത്തി.
700 ബോട്ടുകളും ഇതരസംസ്ഥാനത്തുനിന്ന് ലൈസൻസ് നേടിയ 150 ബോട്ടുമടക്കം 850 യാനങ്ങളാണ് ജില്ലയുടെ തീരത്തുനിന്ന് മീൻപിടിത്തത്തിനായി ഒരുങ്ങുന്നത്. ഇവയിലെല്ലാമായി 13,000 തൊഴിലാളികളും വള്ളത്തില്‍ മീന്‍പിടിക്കുന്ന പതിനായിരത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളും മേഖലയിലുണ്ട്. മഴ കുറഞ്ഞത് മീൻലഭ്യത കുറയ്ക്കുമോയെന്ന് ആശങ്കയുണ്ട്. മുനമ്പം ഫിഷിങ് ഹാര്‍ബര്‍, കൊച്ചി ഹാര്‍ബര്‍, ചെല്ലാനത്തെയും കാളമുക്കിലെയും ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ മീൻവിപണനവും കയറ്റുമതിയും നടക്കുന്നത്.









0 comments