പുനർജനി തട്ടിപ്പുകേസ് റദ്ദാക്കിയതിനെതിരെ യുവജന പ്രതിഷേധം

പുനർജനി തട്ടിപ്പ് കേസിൽ വി ഡി സതീശനെ കുറ്റവിമുക്തനാക്കിയ സർക്കാർ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പറവൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പുനർജനി തട്ടിപ്പുകേസ് അന്വേഷണം അവസാനിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിബിൻ വർഗീസ് അധ്യക്ഷനായി.
വിദേശത്തുനിന്നുൾപ്പെടെ പുനർജനിക്കായി പണം പിരിച്ചിട്ടുണ്ടെന്നും വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാൽ ഇത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ശ്രേഷ, കമ്മിറ്റി അംഗം സേതുപാർവതി, പറവൂർ ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ്, പ്രസിഡന്റ് പി ആർ സജേഷ്-കുമാർ, ട്രഷറർ അഖിൽ ബാവച്ചൻ എന്നിവർ സംസാരിച്ചു.
സതീശനുള്ള ക്ലീൻ ചിറ്റ് അധികാര ദുർവിനിയോഗം: എസ് സതീഷ്
കൊച്ചി
പുനർജനി പദ്ധതിയിലെ നിയമലംഘനങ്ങളും അഴിമതിയും സംബന്ധിച്ച് വി ഡി സതീശന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് അധികാര ദുർവിനിയോഗം നടത്തി കുറ്റകൃത്യത്തെ മറച്ചുവയ്ക്കലാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പ്രസ്‌താവനയിൽ പറഞ്ഞു. യുകെയിൽ നടന്ന പരിപാടിയിൽ പ്രളയബാധിതരെ സഹായിക്കാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി ഡി സതീശൻ യോഗങ്ങളിൽ അഭ്യർഥിക്കുന്ന വീഡിയോ വിജിലൻസ് പരിശോധിച്ചിട്ടും നടപടിയില്ല. പുനർജനി പദ്ധതിയിൽ 229 വീട് നൽകിയെന്ന്
വി ഡി സതീശൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഗുണഭോക്താക്കൾ ആരാണെന്ന് പറവൂരുകാർക്കുപോലും അറിയില്ല. 19 വീട് മാത്രമാണ് സ്പോൺസർമാരുടെ പേരിലും ഫോർ ഹ്യൂമാനിറ്റി എന്ന എൻജിഒയുടെ സഹകരണത്തോടെയും പണിതതായി കാണുന്നത്. ബാക്കിയുള്ള 210 വീടുകളുടെ വിവരമില്ല.
മണപ്പാട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചു. യുകെയിൽനിന്ന് 22,500 പൗണ്ട് വീതം വിവിധ വ്യക്തികളിൽനിന്ന് സമാഹരിച്ച തുക മണപ്പാട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായി വിജിലൻസിന്റെ കണ്ടെത്തലിലുണ്ട്. യുകെ ആസ്ഥാനമായ മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് പണമെത്തിയത്. വി ഡി സതീശന്റെ നേതൃത്വത്തിൽ പിരിച്ച പണമാണ് ഈ അക്കൗണ്ടിൽ എത്തിയിട്ടുള്ളത്. വിദേശരാജ്യങ്ങളിൽ ചട്ടങ്ങൾ ലംഘിച്ച് പിരിച്ചെടുത്ത പണം എത്രയാണ്, എന്തിനാണത് ചെലവഴിച്ചത്, ഏത് വർഷമാണ് ഓഡിറ്റ് ചെയ്തത്, അതിന്റെ റിപ്പോർട്ട് എവിടെ എന്നീ ചോദ്യങ്ങൾക്കും മറുപടിയില്ല.
പുനർജനി പദ്ധതിയിൽ നിർമിച്ച വീടുകൾ ചൂണ്ടിക്കാണിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലും പോയി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് പറവൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞ വി ഡി സതീശൻ നിയമസഭയിൽ വിദേശത്തുനിന്ന് പണം പിരിച്ചിട്ടില്ലെന്ന് കളവ് പറഞ്ഞു. പണം പിരിച്ചു, എന്നാൽ പ്രളയബാധിതരെ സഹായിച്ചില്ല. മറ്റ് ഏജൻസികൾ നിർമിച്ച വീടുകൾപോലും പുനർജനിയുടെ പേരിലാക്കി. ഇത്രയും ഗുരുതര ആരോപണങ്ങൾ നിലനിൽക്കുമ്പോൾ എങ്ങനെയാണ് വിജിലൻസ് വി ഡി സതീശന് ക്ലീൻ ചീറ്റ് നൽകി അന്വേഷണം അവസാനിപ്പിക്കുന്നത്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം. പിരിച്ച പണത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും സതീഷ് ആവശ്യപ്പെട്ടു.









0 comments