ad
Deshabhimani

യന്ത്രങ്ങളിലെ ചൂടിനെ വൈദ്യുതിയാക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2026, 03:05 AM | 1 min read

കാഞ്ഞിരപ്പള്ളി യന്ത്രങ്ങളിൽ പാഴാകുന്ന ചൂടിനെ വൈദ്യുതിയാക്കാൻ കഴിയുന്ന നൂതന കണ്ടുപിടിത്തത്തിന് പേറ്റന്റ്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഡോ. എം ദീപുവിനാണ്‌ ദക്ഷിണ കൊറിയൻ സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. ദക്ഷിണ കൊറിയയിലെ ക്യുങ്പൂക്ക് നാഷനൽ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ കെമിക്കൽ എൻജിനിയറിങ്ങിൽ പിഎച്ച്ഡി നേടിയ ദീപു അവിടെ ഗവേഷണത്തിലാണ്. യന്ത്രങ്ങളുടെ ചൂടിൽനിന്ന് വൈദ്യുതി ഉൽപാദനം കൂടുതൽ കാര്യക്ഷമമാക്കുന്ന ഹൈബ്രിഡ് മെറ്റീരിയൽ ഉപകരണമാണ് കണ്ടുപിടിച്ചത്. ചൂടിനെ നേരിട്ട് വൈദ്യുതോർജമായി മാറ്റാൻ കഴിയുന്ന നൂതന താപവൈദ്യുത (Thermoelectric Devices) ഉപകരണ സാങ്കേതികവിദ്യയ്‌ക്കാണ്‌ പേറ്റന്റ്. ഊർജസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളുടെ വികസനത്തിനും നിർണായകമായ ഈ നേട്ടം, മാലിന്യചൂടിനെ (waste heat) പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്ന മേഖലയിലെ ഒരു സുപ്രധാന മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. താപവൈദ്യുത ഉപകരണങ്ങൾ ഒരു വസ്തുവിന്റെ രണ്ട് അറ്റങ്ങൾക്കിടയിലെ താപനില വ്യത്യാസത്തെ നേരിട്ട് വൈദ്യുതോർജമായി മാറ്റുന്ന സംവിധാനങ്ങളാണ്. വാഹനങ്ങളുടെ എൻജിനുകൾ, വ്യവസായശാലകൾ, വൈദ്യുതി നിലയങ്ങൾ, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽനിന്ന്‌ പാഴാകുന്ന ചൂടിനെ പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. ബാറ്ററികളില്ലാതെ പ്രവർത്തിക്കുന്ന സെൻസറുകൾ, ധരിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) സംവിധാനങ്ങൾ, ബഹിരാകാശ-പ്രതിരോധ മേഖലകൾ എന്നിവയിലും താപവൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം വേഗത്തിൽ വർധിച്ചുവരികയാണ്. പരിസ്ഥിതി സൗഹൃദ അപകടരഹിത ബാറ്ററി കണ്ടുപിടിച്ചതിനും ദീപുവിന്‌ കൊറിയൻ ഗവൺമെന്റിന്റെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. സിഎംഎസ് കോളജിൽ എംഎസ്‌സി അനലിറ്റിക്കൽ കെമിസ്ട്രി ജയിച്ച ദീപു കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഉഷസ്‌ ഭവനിൽ എ മുരുകദാസ് - ടി ദീപ ദമ്പതികളുടെ മകനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home