ഇൻഡോർ തുഴച്ചിലിന് ഇന്ന് തുടക്കം

ദേശീയ ഇൻഡോർ തുഴച്ചില്‍ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ആലപ്പുഴയിൽ പരിശീലനത്തിലേർപ്പെടുന്ന താരങ്ങൾ /ഫോട്ടോ: കെ എസ് ആനന്ദ്
ആലപ്പുഴ: എട്ടാമത് ദേശീയ ഇൻഡോർ തുഴച്ചിൽ ചാമ്പ്യൻഷിപ്പിന് ആലപ്പുഴയിൽ ഇന്ന് തുടക്കം. പുന്നമട കായൽക്കരയിലെ സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സായി)യുടെ വാട്ടർ സ്‌പോർട്സ് സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. മൂന്ന് ദിവസമാണ് ചാമ്പ്യൻഷിപ്പ്. ആദ്യമായാണ് കേരളം ആതിഥേയരാകുന്നത്.
സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ 22 സംസ്ഥാനങ്ങളിൽനിന്നായി 450ൽ അധികം കായികതാരങ്ങൾ പങ്കെടുക്കും. മത്സരം നിയന്ത്രിക്കാൻ 50 ഒഫീഷ്യൽസുമുണ്ടാകും. മത്സരങ്ങൾക്കായി 30 എർഗോമീറ്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഏഴിന് മത്സരങ്ങൾ ആരംഭിക്കും. പകൽ 11ന് പി പി ചിത്തരഞ്ജൻ എംഎൽഎ ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ഉദ്‌ഘാടനംചെയ്യും. ജൂണിൽ തായ്‌ലാൻഡിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇതിൽനിന്ന് തെരഞ്ഞെടുക്കും.
മത്സരം ഇങ്ങനെ...
എർഗോ മീറ്ററെന്ന പരിശീലന യന്ത്രത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. വെള്ളത്തിൽ തുഴയുമ്പോൾ താരങ്ങൾ എത്ര ശക്തി ഉപയോഗിച്ചെന്ന് അളക്കാനാകില്ല. എന്നാൽ എർഗോ മീറ്ററിൽ ഓരോ താരവും പ്രയോഗിക്കുന്ന ശക്തി അളക്കാനാകും. 2000 മീറ്റർ സെറ്റ് ചെയ്താണ് മത്സരം ആരംഭിക്കുക. റോവിങ്ങിൽ തുഴയുന്നതിന് സമാനമായി യന്ത്രത്തിൽ ഘടിപ്പിച്ച വള്ളിയിലെ പിടിയിൽ വലിച്ച് പിന്നോട്ടായണം. ഓരോ തവണയും ഉപയോഗിക്കുന്ന ബലം കണക്കാക്കി വള്ളം മുന്നോട്ടുനീങ്ങുന്നതായി സ്ക്രീനിൽ തെളിയും. വേഗത്തിൽ 2000 മീറ്റർ കടക്കുന്നയാൾ വിജയിയാകും.










0 comments