മുഖ്യമന്ത്രി വീണ്ടുംവീണ്ടും തെറ്റിനെ ന്യായീകരിക്കുന്നു: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സ്വന്തംപക്ഷത്ത് സംഭവിച്ച വീഴ്‌ച അംഗീകരിക്കാതെ വീണ്ടും വീണ്ടും തെറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി വി ഡി സതീശൻ കൈക്കൊണ്ടതെന്ന് മുൻധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ചുമതലയൊഴിഞ്ഞപ്പോൾ ഖജനാവിൽ 6000 കോടി രൂപ ബാക്കിയുണ്ട് എന്ന് മുൻ ധനമന്ത്രി പറഞ്ഞല്ലോ, അതും രഹസ്യ വിവരമല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.
മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുന്ന വേളയിൽ സർക്കാരിന്റെ വരവുചെലവ് സംബന്ധിച്ച അന്തിമ സംഖ്യകളും ക്യാഷ് ബാലൻസും ധനമന്ത്രിമാർ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട വിവരങ്ങളാണവ. എന്നാൽ, ധനവകുപ്പിന്റെ സീക്രട്ട് സെക്ഷനുകൾ കൈകാര്യംചെയ്യുന്ന സർക്കാരിന്റെ മുഴുവൻ ഇടപാടുകളും രഹസ്യകണക്കുകളും റിപ്പോർട്ടുകളും ദൈനംദിന വരവും ചെലവും ഭാവി വരവുചെലവ് സംബന്ധിച്ച അനുമാന കണക്കുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തുള്ള സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണ്. രാജ്യത്തൊരിടത്തും കേട്ടുകേഴ്‌വിയില്ലാത്ത നടപടിയാണിത്. ഈ തെറ്റാണ് ചൂണ്ടിക്കാണിച്ചതെന്നും ബാലഗോപാൽ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments