ഷിഗല്ല വ്യാപനം
കോളിയാടി സ്കൂൾ കിണറിലെ വെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യം; 27 വിദ്യാർഥികൾക്ക് കൂടി രോഗലക്ഷണം

പ്രതീകാത്മക ചിത്രം
വയനാട്: വിദ്യാർഥികൾക്ക് ഷിഗല്ല രോഗബാധയേറ്റ ബത്തേരി മാർ ബസേലിയോസ് എയുപി സ്കൂൾ കിണറിലെ വെള്ളത്തിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. കുട്ടികൾക്ക് ഷിഗല്ല ബാധിച്ചതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ കിണറിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലത്തിൽ നിരവധി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. വെള്ളം ഉപയോഗശൂന്യമെന്നും അദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സ്കൂളിലെ എട്ട് വിദ്യാർഥികൾക്കാണ് ഷിഗല്ല രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് കുട്ടികൾക്കും ഇന്ന് അഞ്ച് കുട്ടികൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏഴിന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, പതിനൊന്ന് വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കുട്ടികളുമായി സമ്പർക്കത്തിൽ വന്ന 27 വിദ്യാർഥികൾക്ക് കൂടി രോഗലക്ഷണം കണ്ടെത്തി. ഇവർ നിലവിൽ നിരീക്ഷണത്തിലാണ്.
നിലവിൽ 58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. രണ്ട് രക്ഷിതാക്കളും ഒരു അധ്യാപികയും ചികിത്സയിലാണ്. മാർബസേലിയോസ് എയുപി സ്‌കൂളിലെ 470 വിദ്യാർഥികൾ ഷിഗല്ല ലക്ഷണങ്ങളായ വയറിളക്കവും ചർദ്ദിയും പനിയുമായി ചികിത്സ തേടി. കഴിഞ്ഞ മൂന്ന് മുതൽ വിദ്യാർഥികൾ ആശുപത്രിയിൽ എത്തുന്നതാണ്. പ്രതിരോധ നടപടികൾ പാളിയതിനാൽ ഒരാഴ്‌ച പിന്നിട്ടിട്ടും രോഗം നിയന്ത്രണവിധേയമാക്കാനായില്ല.
രോഗ ലക്ഷണങ്ങളോടെ ആറ് ദിവസമായി വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടിയിട്ടും ആരോഗ്യവകുപ്പോ, സർക്കാരോ ഗൗരവത്തിൽ കണ്ടില്ല. തിങ്കൾ വൈകിട്ട് രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിക്കുന്നതുവരെ അലംഭാവം തുടർന്നു. അതിവേഗത്തിൽ പടരുന്ന പകർച്ചവ്യാധിയായിട്ടും സമീപ ജില്ലയായ കോഴിക്കോട് നാലുവയസ്സുകാരൻ ഷിഗെല്ല ബാധിച്ച് മരിച്ചിട്ടും അതിനൊത്ത ജാഗ്രത പാലിച്ചില്ല.
വസ്‌തുതകൾ മനസ്സിലാക്കാതെ പത്രസമ്മേളനം നടത്തി ആരോഗ്യമന്ത്രി കെ മുരളീധരനും ജനങ്ങളെ ആശങ്കയിലാക്കി. 21 വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പ്രഖ്യാപനം രക്ഷിതാക്കളെയും നാട്ടുകാരെയും ആശങ്കയിലാക്കി. 21 പേരുടെ സാമ്പിൾ മാത്രമാണ് പരിശോധനയ്‌ക്ക് എടുത്തത്.
ഇതിൽ ഫലം വന്ന മൂന്നും ഷിഗെല്ല പോസിറ്റീവായി. പരിശോധനാ ഫലംവരുന്നതുവരെയെങ്കിലും കാത്തുനിൽക്കാൻ തയ്യാറാകാതെ വിദ്യാർഥികളെ ആശുപത്രികളിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌തു. വീടുകളിൽ ജാഗ്രത നിർദേശം നൽകിയില്ല. മറ്റുകുട്ടികൾ പതിവുപോലെ വിദ്യാലയങ്ങളിൽ പോയി. കുടുംബാംഗങ്ങളും പൊതുസമ്പർക്കത്തിലായിരുന്നു. ദിവസങ്ങൾ വൈകി ചൊവ്വാഴ്‌ചയാണ് പ്രതിരോധ നടപടികളിലേക്ക് സർക്കാർ കടന്നത്.









0 comments