എംജി സെനറ്റ്: മുഖ്യമന്ത്രിയുടെ പ്രസ്‌താവന അടിസ്ഥാനരഹിതം– ആർ ബിന്ദു

തൃശൂർ: എംജി സർവകലാശാലയിലെ 30 അംഗ സെനറ്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ സർക്കാരാണ് പാനൽ നിർദേശിച്ചതെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഡോ. ആർ ബിന്ദു പ്രസ്‌താവനയിൽ പറഞ്ഞു. സാമാന്യബുദ്ധിക്കോ യുക്തിക്കോ നിരക്കാത്ത കാര്യമാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്.
കഴിഞ്ഞ സർക്കാർ പാനലൊന്നും നൽകിയിട്ടില്ല. ചാൻസലർ എന്ന നിലയ്ക്ക് ഗവർണർ നൽകിയ നിർദേശമായിരുന്നു അത്. ഒരു അഭിപ്രായവ്യത്യാസംപോലും പുതിയ സർക്കാർ രേഖപ്പെടുത്തിയില്ല. എംജി വിസിയായിരുന്ന സി ടി അരവിന്ദ്കുമാർ വിരമിച്ചത് മെയ് മാസത്തിലാണ്. മാർച്ചിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നു. മാസങ്ങൾക്കു മുന്പ് വിസി നിയമനത്തിന് പാനൽ കൊടുക്കാനാകില്ലല്ലോ. പുതിയ സർക്കാർ വന്നതിനുശേഷം നടക്കുന്നത് മുൻ സർക്കാരിന്റെ തലയിലിടേണ്ട.
യുഡിഎഫ് – ബിജെപി ഡീലിന്റെ തുടർച്ചയാണിത്. ഗവർണർ തുടക്കം കുറിച്ച കാവിവൽക്കരണ പദ്ധതി തട്ടും തടവും കൂടാതെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ഗവർണറുടെ നടപടിക്കെതിരെ യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. തെരഞ്ഞെടുപ്പുകാലത്ത് അവർ ബിജെപിയുമായി ഉണ്ടാക്കിയ ഡീൽ തുടരുന്നതിന്റെ തെളിവുകളാണിതൊക്കെ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടപ്പാക്കുന്ന കാവിവൽക്കരണ അജൻഡയ്ക്ക് കുട പിടിച്ചുകൊടുക്കുകയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്നാണ് അധികാരമേറ്റ് ആദ്യംതന്നെ മന്ത്രി റോജി എം ജോൺ പറഞ്ഞത്. ഇക്കാര്യത്തിൽ സഖ്യകക്ഷിയായ മുസ്ലിംലീഗിന്റെ അഭിപ്രായം എന്തെന്നറിയാൻ കൗതുകമുണ്ട് –പ്രസ്‌താവനയിൽ പറഞ്ഞു.










0 comments