ad
Deshabhimani

എട്ട് ദിവസത്തിനിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 1,308 ഗതാഗതാപകടങ്ങൾ

kuwait police
വെബ് ഡെസ്ക്

Published on Jun 10, 2026, 09:48 PM | 1 min read

കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി കർശന പരിശോധനകൾ തുടരുന്നതിനിടെ, മെയ് 31 മുതൽ ജൂൺ 6 വരെ എട്ട് ദിവസത്തിനിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 1,308 വാഹനാപകടങ്ങൾ.


ഇതേ കാലയളവിൽ 20,961 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും അപകടങ്ങളിൽ 178 എണ്ണം പരിക്കുകൾക്ക് ഇടയാക്കിയതായും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് വിഭാഗം അറിയിച്ചു.


ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 23 പേരെ മുൻകരുതൽ തടങ്കലിൽ പാർപ്പിക്കുകയും 13 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.


ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് വിവിധ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ, ട്രാഫിക് പരിശോധനകളിൽ 1,173 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. 21 പേരെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അന്വേഷണ പട്ടികയിലുണ്ടായിരുന്ന 12 വാഹനങ്ങളും പിടിച്ചെടുത്തു.


കാലാവധി കഴിഞ്ഞ താമസരേഖകളുമായി കഴിഞ്ഞിരുന്ന അഞ്ച് പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത ഒമ്പത് പേരെയും അറസ്റ്റ് ചെയ്തു. കൂടാതെ 15 പേരെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറുകയും അസ്വാഭാവിക നിലയിൽ കണ്ടെത്തിയ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


അതേസമയം, ജൂൺ 4 മുതൽ 7 വരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ നടപടികളിൽ 19,788 ട്രാഫിക് നിയമലംഘനങ്ങളും 2,775 ട്രാഫിക് റിപ്പോർട്ടുകളും രേഖപ്പെടുത്തി. 40 പിടികിട്ടാപ്പുള്ളികളെയും 76 താമസനിയമ ലംഘകരെയും അറസ്റ്റ് ചെയ്തു. അന്വേഷണ പട്ടികയിലുണ്ടായിരുന്ന 17 വാഹനങ്ങൾ കണ്ടെത്തി പിടിച്ചെടുക്കുകയും തിരിച്ചറിയൽ രേഖകളില്ലാത്ത ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


ഈ കാലയളവിൽ 986 ഗതാഗതാപകടങ്ങൾ അധികൃതർ പരിശോധിച്ചു. ഇതിൽ 178 എണ്ണം പരിക്കുകൾക്ക് കാരണമായ അപകടങ്ങളായിരുന്നു. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ 251 വാഹനങ്ങളും 40 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമായി രാജ്യവ്യാപക പരിശോധനകളും കർശന നിയമനടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home