ഷെയ്ൻ നിഗം ചിത്രം 'ദൃഢം' ഒടിടിയിലേക്ക്; എവിടെ കാണാം?

തിരുവനന്തപുരം : തിയേറ്ററുകളിൽ ശ്രദ്ധനേടിയ ഷെയ്ൻ നിഗം ചിത്രം ‘ദൃഢം’ ഒടിടിയിലേക്ക്. മേയ് 8ന് തിയേറ്ററുകളിലെത്തിയ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം ജൂൺ 12 മുതൽ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.
മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ കരിയറിൽ ആദ്യമായാണ് ഷെയ്ൻ നിഗം മുഴുനീള പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നത്. കുഴിനിലം എന്ന നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിലേക്ക് ചാർജെടുക്കാൻ എത്തുന്ന വിജയ് രാധാകൃഷ്ണൻ എന്ന സബ് ഇൻസ്‌പെക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. ഏറെ ആഗ്രഹിച്ചു നേടിയ ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന വിജയിക്ക്, ആ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സങ്കീർണമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ജോമോൻ ജോണും ലിന്റോ ദേവസ്യയും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്.
ഷോബി തിലകൻ, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ എന്നിവരടങ്ങുന്ന വലിയൊരു താരനിരയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.








0 comments