കോഴിക്കോട് നിപാ സ്ഥിരീകരിച്ചു; ഫറോക്ക് സ്വദേശി ചികിത്സയിൽ, നില ഗുരുതരം

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് നിപാ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 41 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അന്തിമ ഉറപ്പിനായി സ്രവത്തിന്റെ സാമ്പിൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 41 കാരന്റെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഉടൻ തന്നെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
ഒരാഴ്ച മുമ്പാണ് കടുത്ത പനിയോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നാളെ അടിയന്തര യോഗം ചേരും. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം.









0 comments