ad
Deshabhimani

ഇന്ന് സുർജിത് ദിനം

print edition അമരസ്‌മരണയായി

Harkishan Singh Surjeet
avatar
എം വി ​ഗോവിന്ദൻ

Published on Aug 01, 2026, 12:46 AM | 1 min read

സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന (1992–-2008) സ. ഹർകിഷൻ സിങ്‌ സുർജിത്തിന്റെ ഓർമപുതുക്കുന്ന ദിനമാണിന്ന്‌. 2008 ആഗസ്ത്‌ ഒന്നിനാണ്‌ സഖാവ്‌ വേർപിരിഞ്ഞത്‌. 1916 മാർച്ച് 23ന് പഞ്ചാബിലെ ബുണ്ടാലയിൽ ജനിച്ച സുർജിത്, രാജ്യത്തെ കമ്യൂണിസ്റ്റ്‌ കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു. 1934ൽ കമ്യൂണിസ്റ്റ്‌ പാർടിയിൽ അംഗമായി. അഖിലേന്ത്യ കിസാൻസഭയുടെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു.


1932ൽ തന്റെ 16–ാംവയസ്സിൽ ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വദിനത്തിൽ ഹോഷിയാർപുർ കോടതിവളപ്പിൽ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെയിറക്കി ത്രിവർണ പതാക ഉയർത്തിയതിന്‌ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ പേര് ‘ലണ്ടൻ തോഡ് സിങ്’ (ലണ്ടനെ തകർക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്‌ജിയെ ഞെട്ടിച്ചു. ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഇരുട്ടുമുറിയിൽ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ സുർജിത്തിന്റെ കാഴ്ച മങ്ങി. തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വന്ന ഐറിഷ് ഡോക്ടറുടെ നിർബന്ധത്തിന്‌ വഴങ്ങി അദ്ദേഹത്തെ ഇരുട്ടുമുറിയിൽനിന്ന് മാറ്റിയില്ലായിരുന്നെങ്കിൽ അന്ധത ബാധിക്കുമായിരുന്നു.


​പത്തുവർഷം ജയിലറയ്ക്കുള്ളിലും എട്ടുവർഷം ഒളിവിലും കഴിഞ്ഞുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലേക്ക് സഖാവ് വളർന്നത്. രണ്ടുതവണ പഞ്ചാബ്‌ നിയമസഭാംഗമായും ഒരുതവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്‌ക്കെതിരെ എന്നപോലെ ഖലിസ്ഥാൻ തീവ്രവാദികൾക്കും സംഘപരിവാർ വർഗീയതയ്ക്കും എതിരായി ഉറച്ചുനിന്ന് പോരാടി. റിവിഷനിസ്റ്റുകൾക്കെതിരെ സന്ധിയില്ലാതെ പോരാടിയ സുർജിത്, സിപിഐ എമ്മിന്റെ സ്ഥാപകനേതാക്കളിൽ ഒരാളാണ്‌. അടിയുറച്ച സാമ്രാജ്യത്വവിരുദ്ധ പോരാളിയായിരുന്നു. ക്യൂബൻ ഐക്യദാർഢ്യസമിതിക്ക്‌ നേതൃപരമായ പങ്കുവഹിച്ചു.


സഖാവിന്റെ ഓർമ നമുക്കെന്നും കരുത്തും ഊർജവും പകരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home