ad
Deshabhimani

വിലക്കയറ്റവും ഗ്യാസ്‌ പ്രതിസന്ധിയും

കുട്ടികളുടെ അന്നം മുട്ടും

a
avatar
സ്വന്തം ലേഖകൻ

Published on Aug 01, 2026, 01:35 AM | 1 min read

കോഴിക്കോട്

അവശ്യസാധനങ്ങളുടെ വില വർധനവിൽ കുരുങ്ങി സ്കൂൾ അടുക്കളകൾ. പച്ചക്കറിമുതൽ പാചക വാതകംവരെ എല്ലാത്തിനും വില കുതിച്ചതോടെ ഉച്ചഭക്ഷണ പദ്ധതി കടുത്ത പ്രതിസന്ധിയിലായി. കുട്ടികൾക്ക് പോഷകഗുണമുള്ള ഭക്ഷണം നൽകണം എന്ന സർക്കാർ നിർദേശമുണ്ടെങ്കിലും വിലക്കയറ്റം കാരണം പരിമിത വിഭവങ്ങൾപോലും ഒരുക്കാനാവുന്നില്ല. മുട്ടയും പാലും വാങ്ങാനുള്ള തുക സർക്കാർ നൽകാത്തതും പ്രതിസന്ധി രൂക്ഷമാക്കി.

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ കുതിപ്പാണ്‌ ഉണ്ടായത്. അരിവിലയിൽ 10–15 രൂപയുടെ വർധനവുണ്ട്‌. കടല, പരിപ്പ്‌, മുളക്‌, ഉള്ളി തുടങ്ങി പാചകത്തിന്‌ അത്യാവശ്യം വേണ്ട എല്ലാ ഇനങ്ങൾക്കും വലിയ തോതിൽ വില വർധിച്ചു. വെളിച്ചെണ്ണ വിലയിലും വൻ വർധനവാണുണ്ടായത്‌. പച്ചക്കറിയ്‌ക്കും തീവിലയാണ്‌. ഇതോടെ സ്‌കൂൾ പാചക ചെലവ്‌ ഇരട്ടിയോളം വർധിച്ചതായി അധ്യാപകർ പറയുന്നു.

പലപ്പോഴും കടം വാങ്ങിയാണ് പ്രധാന അധ്യാപകർ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ അധ്യയനവർഷം അവസാനിക്കുമ്പോൾ വാണിജ്യ സിലിണ്ടറിന് 1800 രൂപയായിരുന്നത് 3400 ആയി. നൂറ് കുട്ടികളുള്ള സ്കൂ‌ളിൽ മാസം കുറഞ്ഞത് മൂന്ന് സിലിണ്ടറെങ്കിലും വേണം. സപ്ലൈകോ വഴി അരിമാത്രമാണ് സർക്കാർ നൽകുന്നത്. പച്ചക്കറിയും പലവ്യഞ്ജനവും പുറത്തുനിന്ന് വാങ്ങണം.

പോഷകാഹാര പദ്ധതിയുടെ ഭാഗമായി ആഴ്‌ചയിൽ ഒരുദിവസം മുട്ടയും രണ്ടുദിവസം പാലും നൽകണം. ഒരുകുട്ടിക്ക് 150 മില്ലി ലിറ്റർ പാൽ എന്നാണ് കണക്ക്. മുട്ടയ്ക്ക് ആറുരൂപയാണ് സർക്കാർ നൽകുക. നിലവിൽ എട്ടുരൂപയാണ് വില. പാലിന് വില കൂട്ടിയെങ്കിലും ഇപ്പോഴും സർക്കാർ നൽകുന്നത് ലിറ്ററിന് 52 രൂപയാണ്. വിപണിയിൽ ശരാശരി 60 രൂപ വിലയുണ്ട്. നിലവിൽ വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിഹിതപ്രകാരം പദ്ധതിയുമായി അധികം മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ്‌ അധ്യാപകരും പാചകത്തൊഴിലാളികളും പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home