ad
Deshabhimani

ഇനി കെ ഫോൺ സ‍ൗജന്യമല്ല

പിള്ളേരങ്ങനെ സ്‌മാർട്ടാകേണ്ട

Item
avatar
സ്വന്തം ലേഖകൻ

Published on Aug 01, 2026, 02:12 AM | 1 min read

ആലപ്പുഴ
ജില്ലയിലെ സ്‌കൂളുകളിൽ കെ ഫോൺ സേവനങ്ങൾ ഏതുനിമിഷവും നിലച്ചേക്കും. സേവനങ്ങൾ അവസാനിപ്പിക്കുകയാണെന്നും തുടരണമെങ്കിൽ പണം നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയക്‌ടർ സ്‌കൂൾ അധികൃതർക്ക്‌ കത്ത്‌ നൽകി. ജൂലൈ ആറിനാണ്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കത്ത്‌ സ്‌കൂളുകൾക്ക്‌ ലഭിച്ചത്‌. സ്‌കൂളുകളിൽ പഠന പ്രവർത്തനങ്ങൾക്കും ഓഫീസ്‌ ആവശ്യങ്ങൾക്കും കെ ഫോൺ നൽകുന്ന സ‍ൗജന്യ ഇന്റർനെറ്റാണ്‌ ഉപയോഗിക്കുന്നത്‌. നെറ്റ്‌ സ‍ൗജന്യമല്ലെങ്കിൽ ഒരു സ്‌കൂളിന്‌ പ്രതിവർഷം 15000 രൂപ വരെയെങ്കിലും അധികച്ചെലവുണ്ടാകും. ത്രീ ഡി അനിമേഷൻ സ‍ൗകര്യമുപയോഗിച്ച്‌ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ഇന്ററാക്‌ടീവ്‌ ബോർഡുകൾ സ്‌കൂളുകളിൽ നൽകിയിട്ടുണ്ട്‌. ഇത്‌ ഉപയോഗിക്കുന്പോൾ കൂടുതൽ ഡാറ്റ വേണ്ടിവരും. ഇന്റർനെറ്റിനുള്ള തുകയും ഉയരും. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങൾക്ക്‌ ഇത്‌ താങ്ങാനാവില്ല. ഇന്റർനെറ്റ്‌ തുടർന്ന്‌ വേണമെങ്കിൽ കത്തിൽ നൽകിയ ലിങ്ക്‌ ഉപയോഗിച്ച്‌ വെബ്‌സൈറ്റിൽ കയറി ആവശ്യപ്പെടണമെന്നും നിർദേശിച്ചിരുന്നു. 
 വൻ സാമ്പത്തികബാധ്യത ഉണ്ടാകുന്നതിനാൽ ഭൂരിഭാഗം പൊതുവിദ്യാലയങ്ങളും ഇതിന്‌ തയ്യാറായിട്ടില്ല. ഇപ്പോൾ ഇന്റർനെറ്റ്‌ ലഭിക്കുന്നുണ്ടെങ്കിലും ഏതു നിമിഷവും നിലച്ചേക്കുമെന്ന ആശങ്കയിലാണെന്ന്‌ അധ്യാപകർ പറയുന്നു. ഇന്റർനെറ്റ്‌ പ‍ൗരന്റെ മ‍ൗലിക അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ്‌ കേരളം. 
 2019 നവംബർ ഏഴിന്‌ എൽഡിഎഫ്‌ സർക്കാരാണ് പ്രഖ്യാപനം നടത്തിയത്‌. 2022 ജൂലൈയിൽ കെ ഫോണിന്‌ ഐഎസ്‌പി ലൈസൻസ്‌ ലഭിച്ചു. ഐ ടി വകുപ്പിന്‌ കീഴില്‍ കെഎസ്ഇബി, കെഎസ്‌ഐടിഐഎൽ എന്നിവ ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. സ്‌കൂളുകൾ കൂടാതെ സർക്കാർ ആശുപത്രികൾ, ഓഫീസുകൾ, ഐ ടി പാർക്കുകൾ തുടങ്ങിയവയ്‌ക്കും കെ ഫോൺ വഴി ഇന്റർനെറ്റ്‌ സേവനം ലഭ്യമാകുന്നുണ്ട്‌. ഇതാണ്‌ യുഡിഎഫ്‌ സർക്കാർ ഇല്ലാതാക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home