ചെയ്‌ത ജോലിക്ക് വേതനമില്ല സ്‌കൂൾ പാചകത്തൊഴിലാളികൾ എങ്ങനെ ജീവിക്കും

കാസർകോട് സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷണമൊരുക്കി വിളന്പി നൽകുന്നവർ വേതനമില്ലാതെ കണ്ണീരിലാണ്. അധ്യയന വർഷം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും വേതനംലഭിക്കാതെ കടുത്ത ദുരിതത്തിത്തിലാണ് സ്‌കൂൾ പാചകത്തൊഴിലാളികൾ. എൽഡിഎഫ് ഭരണകാലത്ത് മുടങ്ങാതെ ലഭിച്ചിരുന്ന വേതനമാണ് ഇപ്പോൾ നിലച്ചത്. ഏപ്രിൽ, മെയ് അവധിക്കാല ആശ്വാസമായ 4000 രൂപ മാത്രമാണ് ഇതുവരെ ഇവർക്ക് ലഭിച്ചത്. 675 രൂപയാണ് ഒരു ദിവസത്തെ വേതനം. സർക്കാർ മാനദണ്ഡമനുസരിച്ച് 500 വിദ്യാർഥികൾക്ക് ഒരു പാചകത്തൊഴിലാളി എന്നതാണ് കണക്ക്. ഇത്രയും കുട്ടികൾക്ക് ഒരു തൊഴിലാളിയെക്കൊണ്ട് മാത്രം വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല. ജോലിഭാരം കൂടിയതിനാൽ ഇവർക്ക് സഹായികളെ ആവശ്യമായിവരും. സഹായിക്കുള്ള പ്രതിഫലം തൊഴിലാളികൾ സ്വന്തം വേതനത്തിൽനിന്ന് കൊടുക്കേണ്ട അവസ്ഥയിലാണ്. ഇതോടെ ഇവരുടെ വരുമാനം പകുതിയായി കുറയും. വേതനം മുടങ്ങിയതിനാൽ സഹായികൾക്കും പണം നൽകാൻ സാധിക്കുന്നില്ല. രാവിലെ ഒമ്പതോടെ സ്‌കൂളിലെത്തിയാൽ വൈകിട്ടുമാത്രമേ ഇവർക്ക് മടങ്ങാൻ സാധിക്കൂ. അതിനാൽ മറ്റ് ജോലികൾക്ക് പോകാൻ കഴിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ശനിയും ഞായറും അവധി ദിവസങ്ങളിലും ജോലിയില്ലാത്തതിനാൽ വേതനവുമില്ല. തുച്ഛ വരുമാനം കൊണ്ടാണ് മിക്കവരും കുടുംബം പോറ്റുന്നത്. ജില്ലയിൽ 600 ഓളം സ്‌കൂൾ പാചകത്തൊഴിലാളികളുണ്ട്.
ഭക്ഷണ മെനുവും കുറച്ചു
സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് ചോറും രണ്ടു കറിയും മതിയെന്നാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നിർദേശം. എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ ബിരിയാണി, ലെമണ്‍ റൈസ് എന്നിവ ആഴ്‌ചയിലൊരു ദിവസം നൽകുന്നതായിരുന്നു മുന്പ് എൽഡിഎഫ് സർക്കാർ നിർദേശം. അത് യുഡിഎഫ് സർക്കാർ വെട്ടിച്ചുരുക്കി. കുട്ടികൾക്കുള്ള പോഷകാഹാര ലഭ്യതയിൽ കുറവുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധസമിതി തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് എൽഡിഎഫ് സർക്കാർ മെനു പരിഷ്‌കരിച്ചത്.
ഡിഡിഇ ഓഫീസിലേക്ക് സ്‌കൂൾ പാചകത്തൊഴിലാളികളുടെ മാർച്ച് ഇന്ന്
കാസർകോട് അധ്യയന വർഷം ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനം നൽകാത്ത യുഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പാചകത്തൊഴിലാളികൾ കാസർകോട് ഡിഡിഇ ഓഫീസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം രാവിലെ 10ന് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനംചെയ്യും. ശമ്പള കുടിശ്ശിക ഉടൻ ലഭ്യമാക്കുക, സാമൂഹിക സുരക്ഷ ഉറപ്പാക്കുക, അധ്വാനം കുറക്കാനായി 300 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന രീതിയിൽ ക്രമീകരിക്കുക, പ്രതിമാസ വേതനം അഞ്ചാം തീയതിക്കകം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. സമരത്തിൽ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് പി വി സവിതയും സെക്രട്ടറി പി കമലാക്ഷനും അഭ്യർഥിച്ചു.









0 comments