ad
Deshabhimani

വരവേൽക്കാം ജലോത്സവങ്ങളെ ചെറുവള്ളങ്ങളുടെ മത്സരത്തിനായി ക്ലബ്ബുകൾ ഒരുങ്ങി

കാരിയിൽ ശ്രീകുമാർ ക്ലബ്, വായനശാല എന്നിയുടെ പുതിയ വള്ളം നീറ്റിലിറക്കിയശേഷം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി മിനിമോൾ തുഴ കൈമാറുന്നു
വെബ് ഡെസ്ക്

Published on Aug 01, 2026, 03:00 AM | 1 min read

ചെറുവത്തൂർ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കി മനംകവരാൻ ചെറുവള്ളങ്ങളുടെ പ്രാദേശിക തുഴച്ചിൽ മത്സരത്തിനായി ക്ലബ്ബുകൾ ഒരുങ്ങി. ഓണക്കാലമെത്തുന്നതോടെ പരമ്പരാഗത തോണികളിൽ മത്സരം കാഴ്ചവച്ചാണ് ചുരുളൻ വള്ളങ്ങൾ ഉപയോഗിച്ചുള്ള വലിയ മത്സരങ്ങളിലേക്ക് തുഴയെറിയാൻ തുഴച്ചിലുകാർ ഒരുങ്ങുക. ചെറുവത്തൂർ, കയ്യൂർ ചീമേനി പഞ്ചായത്തുകളിലായി ഇത്തവണ നാല് പ്രാദേശിക വള്ളംകളി മത്സരമാണ് നടക്കുക. തേജസ്വിനിയിൽ വള്ളംകളിയുടെ ആരവമുയരുമ്പോൾ വരാനിരിക്കുന്ന വമ്പൻ മത്സരത്തിന്റെ ഒന്നാമത്തെ പടിയായി ഇതുമാറും. 25ന് തിരുവോണ നാളിൽ മീൻകടവ് ഫൈവ്സ്റ്റാർ ക്ലബ്, നായനാർ സ്മാരക വായനശാല എന്നിവ മീൻകടവ് പുഴയിൽ നടത്തുന്ന അഞ്ച് ആൾ തുഴയും വള്ളംകളിയോടെ മത്സരത്തിന് തുടക്കമാവും. 27ന് നടത്താനാണ് മുഴക്കീൽ ഇ എം എസ് ക്ലബ് ആലോചിക്കുന്നത്. അഞ്ചുപേർ തുഴയും മത്സരം മടക്കരപുഴയിലാണ് നടക്കുക. 30ന് ഓർക്കുളം എ കെ ജി ക്ലബ്, വായനശാല ആൻഡ് ഗ്രന്ഥാലയം, വനിതാ വേദി എന്നിവ സംഘടിപ്പിക്കുന്ന അഞ്ച് പേർ തുഴയും മത്സരം ഓർക്കുളം പുഴയിലും നടക്കും. കയ്യൂർ രക്തസാക്ഷി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെപ്‌തംബർ നാലിന് അരയാക്കടവിൽ മൂന്ന് പേർ തുഴയും മത്സരവും നടത്തും. സെപ്‌തംബർ ആറിന് തേജസ്വിനി പുഴയിലാണ് അച്ചാംതുരുത്തി സ്വദേശാഭിമാനി കലാനിലയം ആൻഡ് അഴീക്കോടൻ മെമോറിയൽ സ്പോർട്സ് ക്ലബ് അഞ്ച് പേർ തുഴയും മത്സരം സംഘടിപ്പിക്കുക. ഉത്തരമലബാർ ജലോത്സവം വന്നെത്തുമ്പോഴേക്കും തുഴച്ചിൽക്കാർക്കുള്ള പരിശീലനവും അതോടൊപ്പം ആത്മവിശ്വാസം വർധിപ്പിക്കാനും ഉതകുന്നതാവും ഇത്തരം പ്രാദേശിക മത്സരങ്ങൾ. തദ്ദേശീയ തോണികളിൽ നടക്കുന്ന മത്സരങ്ങൾ പോയ കാലത്തിന്റെ ഗ്രാമ കാഴ്ചകളിലേക്ക് ജനങ്ങളെ കൈപിടിച്ച് കൊണ്ടുപോകുന്നതായി മാറും. വള്ളം നീറ്റിലിറക്കി കാരിയിൽ ശ്രീകുമാർ മെമ്മോറിയൽ ക്ലബ്ബ്, ശ്രീകുമാർ സ്മാരക വായനശാല എന്നിവ പുതുതായി പണിത വള്ളത്തിന്റെ നീറ്റിലിറക്കൽ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ പി മിനിമോൾ തുഴ കൈമാറി ഉദ്ഘാടനംചെയ്തു. എൻ അനിൽ കുമാർ അധ്യക്ഷനായി. എ കെ ഷീന, എൻ മോഹനൻ, ടി ജാനകി എന്നിവർ സംസാരിച്ചു. ടി വി ജയചന്ദ്രൻ സ്വാഗതവും കെ വി മഹേഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home