Deshabhimani

ബംഗ്ലാദേശ്‌ സ്വദേശി സ്വന്തം നാട്ടിലെത്തിയതായി സംശയം

രക്ഷപ്പെട്ട പ്രതികൾ എവിടെ? ഉത്തരമില്ലാതെ പൊലീസ്‌

Police without answers
avatar
സ്വന്തം ലേഖകൻ

Published on Oct 04, 2026, 02:34 AM | 1 min read

കൊച്ചി


കൈയിൽനിന്ന്‌ രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ കഴിയാതെ ജില്ലയിലെ പൊലീസ്‌. പാലാരിവട്ടം പൊലീസ്‌ സ്റ്റേഷനില്‍നിന്ന്‌ രക്ഷപ്പെട്ട ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാൻ (31) തിരികെ ബംഗ്ലാദേശിലെത്തിയതായാണ്‌ സൂചന. കേസിൽ പൊലീസ്‌ അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്‌. ഹദിയുള്ള ഖാൻ രക്ഷപ്പെട്ടിട്ട്‌ ഞായറാഴ്‌ച 25 ദിവസം തികയും.


ഇയാൾ നഗരത്തിൽ തന്നെയുണ്ടെന്നും ഉടൻ പിടിയിലാവുമെന്നുമാണ്‌ പൊലീസ്‌ ആദ്യം പറഞ്ഞത്‌. റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌ സ്‌റ്റാൻഡുകളിലും ലോഡ്‌ജുകളിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സെപ്‌തംബർ ഒന്പതിന്‌ പുലർച്ചെയാണ്‌ ഹദിയുള്ള ഖാൻ പാലാരിവട്ടം സ്‌റ്റേഷനിൽനിന്ന്‌ രക്ഷപ്പെട്ടത്‌. ഇയാളെ ഒളിവില്‍ കഴിയാൻ സഹായിച്ച ദന്പതികളെമാത്രമാണ്‌ അറസ്‌റ്റ്‌ ചെയ്യാനായത്‌. ഇവരുടെ വാടകവീട്ടില്‍ 10ന് പുലർച്ചെ രണ്ടുമുതൽ വൈകിട്ട് 4.30 വരെ പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകി. ദമ്പതികളെ വിശദമായി ചോദ്യംചെയ്‌തിട്ടും ഹദിയുള്ള ഖാനെക്കുറിച്ച്‌ ഒരുവിവരവും കിട്ടിയില്ല. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.


സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ പിടികൂടാൻ കഴിയുമെന്നുമായിരുന്നു പൊലീസിന്റെ അവകാശവാദം. എറണാകുളം എസിപിയുടെ നേതൃത്വത്തില്‍ 15 അംഗസംഘം കേസന്വേഷിച്ചെങ്കിലും ഹദിയുള്ള ഖാൻ ഇപ്പോഴും കാണാമറയത്താണ്‌.


അസം സ്വദേശിയെയും കണ്ടെത്താനായില്ല


​ആലുവ സബ് ജയിലിൽനിന്ന് തടവുചാടിയ അസം സ്വദേശിയെ 43 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കേരളത്തിലും അയൽസംസ്ഥാനങ്ങളിലും ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ​എടത്തലയിലെ അതിഥി തൊഴിലാളി ക്യാമ്പിൽനിന്ന് ഒമ്പത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ മധുജ്യ സോണോവാൽ (28) ആഗസ്‌ത്‌ 23-ന് വൈകിട്ട്‌ അഞ്ചിനാണ്‌ ചാടിപ്പോയത്. ശുചിമുറിയിൽ പോകാൻ മറ്റ് തടവുകാർക്കൊപ്പം പുറത്തിറക്കിയ ശേഷമാണ് കാണാതായത്.


17 ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും ജയിൽ വളപ്പിൽനിന്ന് ഇയാൾ രക്ഷപ്പെട്ടു. ജയിൽ വളപ്പിലെ വിവിധ ഭാഗങ്ങളിലൂടെ ഇയാൾ നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഏത് ദിശയിലേക്കാണ് പോയതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ഇയാൾക്കെതിരെ അസമിലും ക്രിമിനൽ കേസുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home