യൂത്ത് കോൺഗ്രസിന്റെ ഹോസ്റ്റൽ ആക്രമണത്തിൽ പ്രതിഷേധിച്ചു
3 എസ്എഫ്ഐ പ്രവർത്തകർക്കൂടി അറസ്റ്റിൽ

തിരുവനന്തപുരം
യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിലേക്ക് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച മൂന്ന് എസ്എഫ്ഐ പ്രവർത്തകരെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. എസ്‌എഫ്‌ഐ മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്‌കൃത കോളേജ് വിദ്യാർഥികളായ ആദർശ്, അരുൺ എന്നിവരെയാണ് വഴുതക്കാടിന് സമീപത്തുവച്ച് മഫ്തിയിലെത്തിയ പൊലീസ് സംഘം അറസ്റ്റുചെയ്‌തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ഏകപക്ഷീയമായി നടപടിയെടുക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ ലോ കോളേജ് വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ വേണുവിന് ശനിയാഴ്ച ജാമ്യം ലഭിച്ചു. ആക്രമണത്തിനിടെ വേണുവിന്റെ ഇരുകൈകളും ഒടിഞ്ഞിരുന്നു. ഹോസ്റ്റലിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുന്ന പൊലീസ് നടപടിക്കെതിരെ വിദ്യാർഥികൾക്കിടയിൽ രോഷമുണ്ട്. അതേസമയം, ഹോസ്റ്റൽ ആക്രമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, നബീൽ കല്ലമ്പലം എന്നിവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തതിലും പ്രതിഷേധം ശക്തമാണ്.






0 comments