ad
Deshabhimani

print edition ഫിഫയുടെ സ്വകാര്യവൽക്കരണം എതിർപ്പ്‌ രൂക്ഷം: കടുപ്പിച്ച്‌ ഏഷ്യയും

Fifa World cup

Photo: FIFA

വെബ് ഡെസ്ക്

Published on Aug 01, 2026, 02:09 AM | 1 min read

കോലാലംപുർ: ലോകകപ്പ്‌ ഫുട്‌ബോൾ ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പ്‌ സ്വകാര്യ കമ്പനികൾക്ക്‌ നൽകാനുള്ള രാജ്യാന്തര ഫുട്‌ബോൾ ഭരണ സംഘടനയായ ഫിഫയുടെ നീക്കത്തിനെതിരെ എതിർപ്പ്‌ ശക്തം. യൂറോപ്യൻ സമിതിയായ യുവേഫയ്‌ക്കും വടക്കൻ അമേരിക്കൻ സംഘടനയായ കോൺകാകാഫിനും പിന്നാലെ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും ഫിഫയ്‌ക്കെതിരെ രംഗത്തുവന്നു. ഇത്‌ ശരിയായ തീരുമാനമല്ലെന്നാണ്‌ ഏഷ്യൻ കോൺഫെഡറേഷൻ അറിയിച്ചത്‌. ഫിഫയുടെ ടൂർണമെന്റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ തീരുമാനിച്ചിട്ടുണ്ട്‌.


പുരുഷ–വനിതാ–ക്ലബ്‌ ഫുട്‌ബോൾ ലോകകപ്പ്‌ സംഘാടനത്തിൽ സ്വകാര്യവത്‌കരണം നടത്താനാണ്‌ ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോയുടെ നീക്കം. നടത്തിപ്പിനായി ‘ഫിഫ ഫോർവേഡ്‌ എന്റർപ്രൈസ്‌’ (എഎഫ്‌ഇ) എന്ന പേരിൽ പുതിയ ഉപകമ്പനി രുപീകരിച്ച്‌ 20 ശതമാനം ഓഹരി സ്വകാര്യ കമ്പനികൾക്ക്‌ കൈമാറാനാണ്‌ ശ്രമം.


എല്ലാ വാണിജ്യ തീരുമാനങ്ങളും എഫ്‌എഫ്‌ഇ കൈകൊള്ളും. ടിക്കറ്റ്‌ നിരക്ക്‌, സംപ്രേക്ഷണവകാശം ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങളെല്ലാം ഇതിൽ പെടും. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ മരുമകന്റെ സഹോദരനായ ജോഷ്വാ കുഷ്‌നെർ ഉൾപ്പെടെയുള്ളവരുടെ കമ്പനികളാണ്‌ സ്വകാര്യ നിക്ഷേപകരിലുള്ളത്‌.


ഇത്‌ ഫിഫയെ വിൽക്കുന്നതാണെന്നും അതിനാൽ അംഗീകരിക്കില്ലെന്നും യുവേഫ തുറന്നടിച്ചു. കോൺകാകാഫും സമാന നിലപാടെടുത്തു. ഇതിന്‌ പിന്നാലെയാണ്‌ എഎഫ്‌സിയുടേയും പിന്തുണ. 211 രാജ്യങ്ങളാണ്‌ ഫിഫയിലുള്ളത്‌. നിലവിൽ 143 അസോസിയേഷനുകൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്‌. പ്രചരിപ്പിക്കുന്നത്‌ തെറ്റായ കാര്യങ്ങളാണെന്നും പൂർണ അധികാരം തങ്ങൾക്കുതന്നെയാണെന്ന്‌ ഫിഫ അറിയിച്ചു. നിക്ഷേപം ഫുട്‌ബോളിന്റെ വളർച്ചയ്‌ക്കും പുരോഗതിക്കും വേണ്ടിയാണ്‌. ഇതിന്റെ ഭാഗമായി 211 രാജ്യങ്ങൾക്കും 191 കോടി രൂപ വീതം വിഹിതം നൽകുമെന്നും ഫിഫ പ്രസ്‌താവനയിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home