അട്ടപ്പാടിയുടെ കറുത്ത സ്വർണം

അട്ടപ്പാടി ബ്ലാക്ക്

നിഖിൽ രവീന്ദ്രൻ
Published on Aug 01, 2026, 01:33 AM | 2 min read
പാലക്കാട്
അട്ടപ്പാടിയുടെ മണ്ണിൽ ഉരുത്തിരിഞ്ഞ... കറുത്ത സ്വർണം, കേരളത്തിന്റെ സ്വന്തം ജനുസ്. അട്ടപ്പാടി ബ്ലാക്ക് അഥവാ അട്ടപ്പാടി കരിയാടുകള്‍. നാഷണല്‍ ആനിമല്‍ ജനറ്റിക്സ് റിസോഴ്സസ് ബ്യൂറോ (എൻബിഎജിആർ) ഒരു പ്രത്യേക ജനുസായി അംഗീകരിച്ച് ദേശീയ ബ്രീഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയ രാജ്യത്തെ 34 ജനുസ് ആടുകളിൽ ഒന്നാണ് അട്ടപ്പാടി ബ്ലാക്ക് ആടുകൾ. പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇവർക്ക് എണ്ണക്കറുപ്പുള്ള രോമാവരണവും ചെമ്പന്‍ കണ്ണുകളുമാണ്. അരയടിയോളം നീളത്തിൽ തൂങ്ങിക്കിടക്കുന്ന വീതി കുറഞ്ഞ കറുത്ത ചെവികളും കുത്തനെ വളർന്ന് പിന്നോട്ട് പിരിഞ്ഞ് വളരുന്ന ചാരനിറമുള്ള കൊമ്പുകളുമാണ് മുഖലക്ഷണം. പെണ്ണാടുകളിലും ആണാടുകളിലും കൊമ്പുകൾ കാണാം. ചില ആടുകളുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന കറുപ്പ് തൊങ്ങലുമുണ്ട്. പാറക്കല്ലുകളും കുന്നുകളും നിറഞ്ഞ മേഖലയിൽ മേയുന്നതിന് അനുയോജ്യമായ കരുത്തുള്ള നീളന്‍ കൈകാലുകളും ഉറപ്പുള്ള കുളമ്പും ഇവരുടെ പ്രത്യേകതയാണ്. ഉയർന്ന രോഗപ്രതിരോധശേഷിയും ചൂടിനെ പ്രതിരോധിക്കാനുള്ള അതിജീവനശേഷിയും അട്ടപ്പാടി ബ്ലാക്കിനുണ്ട്. ഇവയുടെ പാലും ഇറച്ചിയും ഔഷധമാണെന്നാണ് ഗോത്രവിഭാഗത്തിനിടയിലെ വിശ്വാസം. പൈതൃക സ്വത്ത് ഇരുളരും കുറുമ്പരും മുതുകരും ഉള്‍പ്പെടെയുള്ള ഗോത്രസമൂഹമാണ് അട്ടപ്പാടി കരിയാടുകളുടെ വംശരക്ഷകര്‍. ഗോത്രജനതയുടെ സാമൂഹിക-– സാമ്പത്തിക- – സാംസ്‌കാരിക ജീവിതത്തിൽ കരിയാടുകൾക്ക് വലിയ സ്ഥാനമുണ്ട്. സമ്പത്തും ധനസ്ഥിതിയും കണക്കാക്കിയിരുന്നതുപോലും സ്വന്തമായുള്ള ആടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പകൽ മുഴുവൻ മേഞ്ഞുനടക്കാൻ ഇഷ്ടപ്പെടുന്ന ആടുകളായതിനാൽ കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്താൻ ഇവ അനിയോജ്യമല്ല. പൊതുവെ മറ്റിനം ആടുകൾ കഴിക്കാൻ മടിക്കുന്ന ഗുണമേന്മയില്ലാത്ത പുല്ലും പച്ചിലകളും ഇവ തിന്നും. വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഈ ആടുകൾക്ക് ആവശ്യമുള്ളൂ. പ്രിയം മാംസത്തിന് മാംസാവശ്യത്തിനായാണ് കരിയാടുകളെ പ്രധാനമായും വളര്‍ത്തുന്നത്. മാംസത്തിന് രുചിയും ഗുണവും ഔഷധമേന്മയും ഏറെയുണ്ടെന്ന് കരുതപ്പെടുന്നതിനാല്‍ വിപണിയില്‍ വൻ ഡിമാൻഡാണ്. ഭൂരിഭാഗം പ്രസവങ്ങളിലും ഒരുകുഞ്ഞ് മാത്രമേ ഉണ്ടാവുകയുള്ളു. കുഞ്ഞുങ്ങൾക്ക് 1.65 കിലോവരെ തൂക്കമുണ്ടാകും. മുതിർന്ന 18 മാസത്തിലധികം പ്രായമുള്ള മുട്ടനാടുകൾക്ക് ശരാശരി 35–-40 കിലോ വരെയും പെണ്ണാടുകൾക്ക് 30–-32 കിലോ വരെയും ശരീരതൂക്കമുണ്ടാകും. പ്രതിദിനം കാല്‍ലീറ്ററില്‍ താഴെ മാത്രമാണ് പാലുൽപ്പാദനം. വംശനാശത്തിന്റെ വക്കിൽ കശാപ്പ് വ്യാപകമായതോടെ അട്ടപ്പാടി ആടുകൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ആദിവാസി കർഷകരെ ചൂഷണം ചെയ്‌ത് അവരിൽനിന്നും തുച്ഛമായ വിലയിൽ ആടുകളെ വാങ്ങി മറിച്ചുവിൽക്കുന്ന ലോബിയും സജീവം. ആടുകളുടെ എണ്ണം കുറഞ്ഞതോടെ രക്തബന്ധമുള്ള ആടുകൾ തമ്മിലുള്ള അന്തർപ്രജനനം വ്യാപകമായതും മേയുന്നതിനിടെ മറ്റ് ജനുസിൽപ്പെട്ട ആടുകളുമായുള്ള വര്‍ഗസങ്കരണവും (ക്രോസ് ബ്രീഡിങ്) വംശനാശത്തിന്റെ തോത്കൂട്ടി. അട്ടപ്പാടി ആടുകളെ സംരക്ഷിക്കുന്നതിനായി കോട്ടത്തറയിൽ മൃഗസംരക്ഷണവകുപ്പിന് കീഴിൽ സംരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഫാമിൽ 300ലധികം കരിയാടുകളാണുള്ളത്.










0 comments