Deshabhimani

ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു ​ഗാനം... ബാബുക്കയുടെ ഓർമകൾക്ക് 48 വയസ്

m s baburaj

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 07, 2026, 11:41 AM | 2 min read

​ഗസലുകളുടെ ശ്രുതിമാധുരി ​ഗാനങ്ങളിലാവാഹിച്ച അനശ്വര കലാകാരൻ എം എസ് ബാബുരാജ് വിടവാങ്ങിയിട്ട് 48 വർഷം. വിടപറഞ്ഞ്‌ അമ്പതാണ്ടിലേക്ക്‌ അടുക്കുമ്പോഴും ബാബുക്കയുടെ ഓർമകൾ അദ്ദേഹത്തിന്റെ പാട്ടുപോലെ കൂടുതൽ ജീവസ്സുറ്റതായി മലയാളികളുടെ മനസിൽ നിലനിൽക്കുന്നു. മുഹമ്മദ്‌ സബീർ ബാബുരാജ്‌ എന്ന എം എസ് ബാബുരാജിനെ ബാബുക്കയെന്നാണ് മലയാളം വിളിക്കുന്നത്. ആ വിളിയിലുണ്ട് ബാബുക്കയോടും അദ്ദേഹത്തിന്റെ ​ഗാനങ്ങളോടുമുള്ള പ്രണയം. സന്തോഷത്തിനും സങ്കടത്തിലും പ്രണയത്തിലും വിരഹത്തിലുമെല്ലാം മലയാളിക്ക് കൂട്ടായി ബാബുക്കയുടെ ഈണങ്ങൾ അന്നോളമിന്നോളമുണ്ട്. സുറുമയെഴുതിയ മിഴികളെ പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ...യെന്ന് യേശുദാസിന്റെ മധുര മനോഹര ശബ്ദത്തിൽ പിറന്ന ​ഗാനം പാടാത്ത മലയാളിയുണ്ടാകില്ല. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബാബുരാജ് ഈണമിട്ട് യേസുദാസ് പാടിയ ​ഗാനം 1967ൽ പുറത്തിറങ്ങിയ ഖദീജ എന്ന ചിത്രത്തിലേതാണ്.


പരീക്ഷ (1967) എന്ന ചിത്രത്തിലേതായി പുറത്തിറങ്ങിയ ​ഗാനങ്ങളെല്ലാം തന്നെ ഇന്നും പ്രണയത്തിന് പുതുഭാവം നൽകാനായി ആസ്വാദകർ ഏറ്റുപാടുന്നവയാണ്. ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ, ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്തിട്ടരികിലിരിക്കെ എന്നീ ​ഗാനങ്ങൾ ആർക്കാണ് മറക്കാൻ സാധിക്കുക.


baburaj-janakiബാബുരാജ്‌ എസ്‌ ജാനകിക്കൊപ്പം


അനുരാഗഗാനം പോലെ അഴകിന്റെ അല പോലെ ( ഉദ്യോ​ഗസ്ഥ- 1967), ‘തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ’( മൂടുപടം- 1963), ഒരു കൊച്ചു സ്വപനത്തിൻ ചിറകുമായി ( തറവാട്ടമ്മ - 1966), വാസന്ത പഞ്ചമി നാളിൽ, അറബിക്കടലൊരു മണവാളൻ, ഏകാന്തതയുടെ അപാരതീരം, താമസമെന്തേ വരുവാൻ (ഭാർഗ്ഗവീനിലയം - 1964), ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ, താമരക്കുമ്പിളല്ലൊ മമ ഹൃദയം ( അന്വേഷിച്ചു കണ്ടെത്തിയില്ല - 1967), അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി ( തച്ചോളി ഒതേനൻ - 1964), കദളിവാഴക്കൈയ്യിലിരുന്ന് (ഉമ്മ- 1960) എന്നീ ​ഗാനങ്ങൾ ഇന്നും പാടാത്ത മലയാളിയുണ്ടാകുമോ... ദശാബ്ദങ്ങൾക്ക്‌ മുന്നേയുള്ള ഈ ഗാനങ്ങൾ പുതുതലമുറക്കാരായ സംഗീതാസ്വാദകരിലും ഇന്നും ഓളങ്ങളുണ്ടാക്കുന്നുണ്ട്‌. ഗസലിന്റെയും മാപ്പിളപ്പാട്ടിന്റെയും ഈണങ്ങൾ ഒന്നിച്ചൊഴുകുന്ന സംഗീതധാരയിലായിരുന്നു ബാബുക്കയുടെ ഈണങ്ങൾ.


jayachandran baburajപി ജയചന്ദ്രനും എം എസ്‌ ബാബുരാജും


ബാബുരാജ് ഈണമിട്ട ഗാനങ്ങൾ അധികവും രചിച്ചത് പി ഭാസ്കരനാണ്. വയലാർ- ദേവരാജൻ ടീം പോലെ വളരെ പ്രസിദ്ധമായിരുന്നു ഭാസ്കരൻ- ബാബുരാജ് ടീമും. നിരവധി ഗാനങ്ങൾ ഇരുവരുമൊന്നിച്ചപ്പോൾ പിറന്നു. വയലാർ, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി, ഒഎൻവി കുറുപ്പ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവർക്കൊപ്പവും ബാബുരാജൊരുക്കിയ ​ഗാനങ്ങൾ ആ സംഗീത മാന്ത്രികതയുടെ സാക്ഷ്യങ്ങളായി ഇവിടെയുണ്ട്‌.


മുഹമ്മദ്‌ സബീർ ബാബുരാജ്‌ എന്ന എം എസ്‌ ബാബുരാജ്‌ കോഴിക്കോട്‌ അബ്ദുൾ ഖാദറിന്റെ കൂടെ ഗാനമേളകളിൽ പങ്കെടുത്താണ്‌ സജീവമാകുന്നത്‌. പിന്നീട്‌ നാടകങ്ങളുടെ സംഗീതസംവിധായകനായി. കോഴിക്കോട്ടെ നാടക, പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ച്‌ പ്രവർത്തിച്ചു. 1957ൽ മിന്നാമിനുങ്ങ്‌ സിനിമയിലൂടെയാണ്‌ സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്‌. 1978 ഒക്ടോബർ ഏഴിന്‌ 49ാം വയസ്സിൽ ചെന്നൈയിലായിരുന്നു അന്ത്യം. മരണമടഞ്ഞെങ്കിലും ഇന്നും ​ഗാനാസ്വാദകരുടെ മനസിലാണ് ബാബുക്ക. പി ഭാസ്കരൻ എഴുതിയതുപോലെ ഹൃദയത്തില്‍ സൂക്ഷിച്ചുവയ്ക്കുന്ന ആ ഒരു ​ഗാനം പോലെ...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home