ചാര്‍ട് ചെയ്തത് ക്ഷേത്ര ദര്‍ശനവും വെള്ളച്ചാട്ടം കാണലും
പ്രതിഷേധപ്പേടി: ചീഫ് ഇലക്ഷൻ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഛത്തീസ്ഗഢ് യാത്രയും റദ്ദാക്കി

റായ്പൂര്‍: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെയും സംഘത്തിന്റെയും ഛത്തീസ്ഗഢ് സന്ദര്‍ശനം റദ്ദാക്കി. എസ് ഐ ആറിന്റെ പേരിൽ ബിജെപിക്ക് വേണ്ടി വ്യാപകമായ തോതിൽ വോട്ട് വെട്ടൽ നടത്തുകയും ഫോം 6 ൽ നടത്തിയ അട്ടിമറി ഉൾപ്പെടെ നിയമ വിരുദ്ധ നീക്കങ്ങൾ പരസ്യമാവുകയും ചെയ്തതോടെ രാജ്യത്ത് കനത്ത പ്രതിഷേധം നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായ പിൻവാങ്ങൽ. പതിവ് പോലെ 'ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ' എന്നാണ് വിശദീകരണം.
ഒക്ടോബര്‍ ഏഴ് എട്ട് തീയതികളിലെ സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചതാണ്. ക്ഷേത്ര ദര്‍ശനവും വിനോദസഞ്ചാരവും ചേര്‍ത്തായിരുന്നു യാത്രാ ചാര്‍ട്. ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ 'സംസ്ഥാന അതിഥി' യായി പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രോട്ടോക്കോൾ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
ക്ഷേത്ര ദര്‍ശനവും
വെള്ളച്ചാട്ടം കാണലും
ദന്തേവാഡയിലെ ദന്തേശ്വരി ക്ഷേത്രം, കബീർധാമിലെ ഭോരംദേവ് ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് മുഖ്യമായും ഉദ്ദേശിച്ചിരുന്നതെന്ന് പ്രോട്ടോക്കോൾ ചാര്‍ടിൽ നിന്നും വ്യക്തമാവുന്നു. ഇതോടൊപ്പം തന്നെ ബസ്തര്‍ ജില്ലയിലെ പ്രസിദ്ധമായ ചിത്രകൂടം വെള്ളച്ചാട്ടം കാണാൻ പോകുന്നതും യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ഔദ്യോഗിക പരിപാടി ആസൂത്രണം ചെയ്തിരുന്നത്.
നേരത്തെ നിശ്ചയിച്ചിരുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ് സന്ദര്‍ശനങ്ങളും സമാനമായ രീതിയിൽ റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെ ലഡാക്ക്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സന്ദര്‍ശനങ്ങളും റദ്ദാക്കുകയുണ്ടായി.
പത്ത് മാസങ്ങൾക്കിടെ 14 തവണ ഉപ കമ്മീഷണര്‍മാര്‍ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിലും ഇടപെടലുകളിലും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തി എന്ന വാര്‍ത്ത പുറത്തെത്തിയതോടെയാണ് ഈ റദ്ദാക്കലുകൾ ഓരോന്നായി ഉണ്ടായത്. എസ് ഐ ആറിന്റെ പേരിലുള്ള അട്ടിമറിക്ക് പുറമെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നത് തടയാൻ വര്‍ഷം തോറും നടക്കുന്ന എസ്എസ്ആര്‍ (SSR - Special Summary Revision) പ്രക്രിയ മരവിപ്പിച്ചതും പുറത്തെത്തിയിരുന്നു. ഇതോടെ യുവജനങ്ങൾ ഒന്നാകെ പ്രതിഷേധ രംഗത്തെത്തി. യുവജന വോട്ടുകൾ ബിജെപിക്ക് എതിരാവും എന്ന വിലയിരുത്തലുകൾ ഉണ്ടായി. യുവജനങ്ങളും പ്രതിപക്ഷ പാര്‍ടികളും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ തുടരുകയാണ്.








0 comments