ആപ്പിലായി ‘റെയിൽ വൺ’; കോടികൾ മുടക്കി നിർമിച്ച ആപ്പിൽ സാങ്കേതിക തകരാർ പതിവ്

ജൂൺ 13 മുതൽ ഒക്ടോബർ 6 വരെ 11 തവണ സേവന തടസ്സം; മണിക്കൂറുകൾ റിസർവേഷൻ മുടങ്ങുന്നു
നിലമ്പൂർ: കോടികൾ മുടക്കി അവതരിപ്പിച്ച റെയിൽവേയുടെ ‘റെയിൽ വൺ’ ആപ്പ് ആവർത്തിച്ചുള്ള സാങ്കേതിക തകരാറിൽ. ഈ വർഷം ജൂൺ 13 മുതൽ ഒക്ടോബർ 6 വരെ 11 തവണ അറ്റകുറ്റപ്പണിയുടെ പേരിൽ ആപ്പിന്റെ സേവനങ്ങൾ തടസ്സപ്പെട്ടതായാണ് കണക്ക്. റിസർവ്ഡ് ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഒരുതവണ മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെ ലഭ്യമാകാത്ത സാഹചര്യമുണ്ടാകുന്നു. കൂടുതലും രാത്രിസമയങ്ങളിലാണ് തടസ്സം നേരിടുന്നത്.
ചൊവ്വാഴ്ച രാത്രി 11.30 മുതൽ ബുധനാഴ്ച പുലർച്ചെ നാലുവരെ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്ങും ഉപയോക്തൃ അക്കൗണ്ട് സേവനങ്ങളും തടസ്സപ്പെട്ടു. പുലർച്ചെ നാലിന് ശേഷമാണ് റിസർവ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചത്. റിസർവ്ഡ് ബുക്കിങ്ങിന് പുറമേ ട്രെയിൻ എൻക്വയറി, ആർ-വാലറ്റ് തുടങ്ങിയ സംവിധാനങ്ങളും വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെട്ടിട്ടുണ്ട്.
ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഡിജിറ്റൽ സംവിധാനമാണ് ഇത്തരത്തിൽ ആവർത്തിച്ച് നിശ്ചലമാകുന്നത്. രാത്രി യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കും അടിയന്തരമായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവർക്കും സേവനം ലഭ്യമാകാത്തത് വലിയ പ്രതിസന്ധിയാകുന്നു. മറ്റു റെയിൽവേ സേവനങ്ങളും ഒരേസമയം തടസ്സപ്പെടുമ്പോൾ ട്രെയിനുകളുടെ വിവരങ്ങൾ ഉൾപ്പെടെ യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കാത്ത സ്ഥിതിയുമുണ്ടാകുന്നു.
86.56 കോടിയുടെ പദ്ധതി
2023 ഡിസംബർ ആറിന് ‘സൂപ്പർ ആപ്പ് ഫോർ ഇന്ത്യൻ റെയിൽവേസ്’ എന്ന ഡിജിറ്റൽ പദ്ധതിക്കായി കേന്ദ്രം 86.56 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ സിസ്റ്റം സോഫ്റ്റ്‌വെയറിന് 49.32 കോടി, ഹാർഡ്‌വെയറിന് 6.27 കോടി, നെറ്റ്‌വർക്ക് ഉപകരണങ്ങൾക്ക് 2.51 കോടി, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വികസനത്തിന് 4.40 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. മൂന്ന് വർഷത്തെ നടത്തിപ്പിന് 4.33 കോടി, വകുപ്പുതല ചാർജുകൾക്ക് 6.30 കോടി, ജിഎസ്ടിയായി 12.92 കോടി രൂപയും ഉൾപ്പെടുത്തിയിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായാണ് റെയിൽവേയുടെ ഐടി വിഭാഗമായ സിആർഐഎസ് വികസിപ്പിച്ച റെയിൽ വൺ ആപ്പ് 2025 ജൂലൈ ഒന്നിന് പുറത്തിറക്കിയത്. റെയിൽവേ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയായിരുന്നു ലക്ഷ്യം. ഐആർസിടിസി റെയിൽ കണക്ട്, മൊബൈൽ യുടിഎസ്, എൻടിഇഎസ് തുടങ്ങിയ വിവിധ ആപ്പുകളിലെ സേവനങ്ങൾ ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.
റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിങ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ, പിഎൻആർ പരിശോധന, കോച്ച് സ്ഥാനവിവരം, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി രജിസ്ട്രേഷൻ, റീഫണ്ട്, ഡിജിലോക്കർ ബന്ധിപ്പിക്കൽ, താമസസൗകര്യ ബുക്കിങ് തുടങ്ങിയ സേവനങ്ങളാണ് റെയിൽ വണ്ണിൽ ഏകീകരിച്ചത്. ആർ-വാലറ്റ് വഴി പണമടച്ച് അൺറിസർവ്ഡ് ടിക്കറ്റ് എടുക്കുന്നവർക്ക് മൂന്ന് ശതമാനം വിലക്കിഴിവും ലഭിക്കും.
2.57 കോടി ഡൗൺലോഡുകൾ
2026 മാർച്ചോടെ റെയിൽ വണ്ണിന് 2.57 കോടി ഡൗൺലോഡുകൾ ലഭിച്ചതായാണ് കണക്ക്. പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യുന്നുണ്ട്. ഇത്രയേറെ ഉപയോക്താക്കളും ഇടപാടുകളുമുള്ള സംവിധാനമാണ് ഇടയ്ക്കിടെ അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിവയ്ക്കുന്നത്.
ആഴ്ചകൾക്കുള്ളിൽ പത്തിലധികം തവണ ആപ്പ് പണിമുടക്കിയെന്നാണ് യാത്രക്കാരുടെ ആരോപണം. ഷെഡ്യൂൾഡ് മെയിന്റനൻസിന്റെ പേരിലുള്ള അറിയിപ്പുകൾ ആവർത്തിക്കുന്നത് ആപ്പിന്റെ സേവന സ്ഥിരതയെക്കുറിച്ചും ചോദ്യമുയർത്തുന്നു. കോടികൾ ചെലവഴിച്ച പദ്ധതിയിൽ അഴിമതിയുണ്ടോയെന്നതടക്കമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
അറ്റകുറ്റപ്പണികൾ അനിവാര്യമാണെങ്കിൽപ്പോലും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഓരോ തവണയും ‘അസൗകര്യത്തിൽ ഖേദിക്കുന്നു’ എന്ന ഒറ്റവരി അറിയിപ്പിൽ പ്രശ്നം അവസാനിപ്പിക്കുന്നതിന് പകരം ആവർത്തിച്ചുള്ള സേവന തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.








0 comments