Deshabhimani

ആനത്താര: നിരോധനാജ്ഞയ്ക്ക് സമാനമായ സഞ്ചാരനിരോധനം; വനാതിർത്തികളിൽ പ്രതിഷേധം

wild elephant.jpg
വെബ് ഡെസ്ക്

Published on Oct 07, 2026, 12:20 PM | 2 min read

ഇടുക്കി: ആനത്താരയുടെ പേരിൽ തോട്ടം മേഖലയിലാകെ നിരോധനാജ്ഞയ്ക്ക് സമാനമായി ഇടുക്കിയിൽ ഏർപ്പെടുത്തിയ രാത്രികാല സഞ്ചാരനിരോധനത്തിനെതിരെ വൻ പ്രതിഷേധമുയരുന്നു. ഒരു സമയനിബന്ധനയും പാലിക്കാതെ കർഷക ജനതയെയാകെ അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ നിർത്തുന്ന സർക്കാർ തീരുമാനത്തിനെതിരാണ് പ്രതിഷേധം.


ജില്ലയിലുടനീളമുള്ള വനാതിർത്തി പ്രദേശങ്ങൾക്ക് ബാധകമാകുന്ന രീതിയിലാണ് യാത്രാവിലക്ക് പുറപ്പെടുവിച്ചത്. യുഡിഎഫ് സർക്കാരിന്റെ അറിവോടെ കലക്ടർ സെപ്‍തംബർ 23ന് പുറപ്പെടുവിച്ച വന്യജീവി സഞ്ചാരപാത സംരക്ഷണ ഉത്തരവും 28ന് പുറപ്പെടുവിച്ച രാത്രികാല സഞ്ചാരവും തോട്ടം പ്രവർത്തനങ്ങളും സംബന്ധിച്ച നിയന്ത്രണങ്ങളും ജനജീവിതം സ്തംഭിപ്പിക്കുകയാണ്.


വന്യജീവി കോറിഡോർ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ വർഷങ്ങളായി താമസിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന പ്രദേശങ്ങളിലെ വേലികളും മതിലുകളും മറ്റ് സംരക്ഷണ സംവിധാനങ്ങളും നീക്കാൻ അധികാരം നൽകുന്നതാണ് വന്യജീവി സഞ്ചാരപാത സംരക്ഷണ ഉത്തരവ്. ​രാത്രികാല സഞ്ചാര നിയന്ത്രണം കൂടുതൽ ഗുരുതരമാണ്. മൂന്നാർ, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ വലിയൊരുഭാഗം തോട്ടങ്ങൾ, കൃഷിയിടങ്ങൾ, വനാതിർത്തികൾ, ജനവാസകേന്ദ്രങ്ങൾ എന്നിവ പരസ്പരം ഇടകലർന്ന പ്രദേശങ്ങളാണ്. ഈ ഉത്തരവ് തോട്ടം മേഖലയിലെ ജനജീവിതത്തെ ആകെ സ്തംഭിപ്പിക്കും.


ആനത്താരയുടെ പേരിൽ വീടും കൃഷിയിടവും ജീവിതവും കെട്ടിപ്പടുത്ത മനുഷ്യരെ കുടിയിറക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന ആരോപണമുണ്ട്. ആനത്താരയ്‌ക്കുവേണ്ടി കൃഷയിടങ്ങളിലെ വേലികൾ പൊളിക്കാൻ ദുരന്തനിവാരണത്തിനെ മറയാക്കിയാണ് ഉത്തരവിറക്കിയത്‌. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, സൂര്യനെല്ലി, വണ്ടിപ്പെരിയാർ, പീരുമേട്, ഉടുമ്പൻചോല എന്നീമേഖലകളിലുള്ള നൂറുകണക്കിന്‌ തൊഴിലാളികളും കർഷകരുമാണ്‌ ഇതോടെ പ്രതിസന്ധിയിലായത്‌.


മനുഷ്യജീവനുകളും കൃഷിയും നഷ്ടമാകുമ്പോൾ കുടുംബങ്ങൾക്ക്‌ നൽകേണ്ട അർഹമായ നഷ്ടപരിഹാരം വനംവകുപ്പും സർക്കാരും കൊടുക്കാതിരിക്കാനുള്ള ഗൂഢതന്ത്രമാണെന്നും ആക്ഷേപമുണ്ട്‌. ആനത്താരകൾ തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്നതിനൊപ്പം ജനവാസമേഖലകളിൽ ശാസ്ത്രീയ വേലികൾ, സൗരോർജ വേലികൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ, നിരീക്ഷണ ക്യാമറകൾ, തത്സമയ വിവര കൈമാറ്റ സംവിധാനം തുടങ്ങിയവ ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ആനകളുടെ സഞ്ചാരപാതയിലേക്കുള്ള മനുഷ്യ ഇടപെടൽ നിയന്ത്രിക്കേണ്ടതുണ്ട്. അതോടൊപ്പം വർഷങ്ങളായി അവിടെ ജീവിക്കുന്ന ജനങ്ങളെ ഒഴിഞ്ഞുപോകാൻ നിർബന്ധിക്കുന്ന രീതിയിലുള്ള നടപടികൾക്ക് പകരം സുരക്ഷിത സഹവർത്തിത്വത്തിനുള്ള ശാസ്ത്രീയ മാതൃകയാണ് വേണ്ടതെന്നും പറയുന്നു.


വനത്തിനുള്ളിൽ വന്യജീവികളെ സംരക്ഷിക്കാനാണ്‌ പദ്ധതിയുണ്ടാക്കേണ്ടത്‌. വനത്തിന്റെ അരികിൽ ജീവിക്കുന്ന മനുഷ്യന്റെ ജീവനും ഉപജീവനവും അതേ കരുതലോടെ സംരക്ഷിക്കപ്പെടണം. വന്യജീവിയും മനുഷ്യനും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ ദീർഘകാല ശാസ്ത്രീയ പദ്ധതി നടപ്പാക്കുകയുമാണ്. വനത്തിനുള്ളിൽ ആനത്താരയും ജനവാസമേഖലയിലെ വഴിയും ഒരുപോലെ സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്‌.


2002ൽ എ കെ ആന്റണി സർക്കാരാണ് ആനകൾ വിഹരിക്കുന്ന ചിന്നക്കനാൽ 301 ഉന്നതി സ്ഥലം ആദിവാസികൾക്ക് നൽകിയത്. പരിശോധനയോ പഠനമോ നടത്താതെ ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് 138. 274 ഹെക്ടർ അനുവദിച്ചത്. നിരന്തര വന്യമൃഗ ശല്ല്യവും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാത്തതും കാരണം നിരവധി ആദിവാസികൾ പ്രദേശംവിട്ടു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആനത്താരയുടെ പേരിൽ ജനങ്ങളെ കുടിയിറക്കുകയാണ്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home