Deshabhimani

എൽപിഎസ്ടി നിയമനം; സാമ്പത്തിക ബാധ്യതാ വാദമുയര്‍ത്തി അവഗണന, സമരം ശക്തമാകുന്നു

lpsta strike
വെബ് ഡെസ്ക്

Published on Oct 07, 2026, 11:35 AM | 1 min read

തിരുവനന്തപുരം : എൽപിഎസ്ടി റാങ്ക് പട്ടികയിലുൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികൾ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. സർക്കാരുമായുള്ള രണ്ടാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് ഉദ്യോ​ഗാർഥികൾ നീങ്ങുകയാണ്.


നാൽപ്പത് ദിവസത്തെ സാവകാശം നൽകിയിട്ടും യുഡിഎഫ് സർക്കാർ വാ​ഗ്ദാനം ലംഘിച്ച സാഹചര്യത്തിലാണ് സമരം കടുപ്പിക്കുന്നത്. 94 ദിവസങ്ങൾ പിന്നിട്ടിട്ടും ആവശ്യങ്ങൾ പരിശോധിക്കാനോ പഠിക്കാൻ കമീഷനെ നിയോഗിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. സാമ്പത്തിക ബാധ്യത വരാത്ത അഞ്ച് ആവശ്യങ്ങളാണ് ഉദ്യോഗാർഥികൾ സർക്കാരിന് മുന്നിൽ വെച്ചത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, നോട്ടിഫിക്കേഷൻ വൈകിപ്പിക്കുക, സർവീസിൽ കയറിയ ഉദ്യോ​ഗാർഥികൾക്ക് പോസ്റ്റിൽ നിന്ന് ഇറങ്ങേണ്ട സാഹചര്യമുണ്ടായത് പരിഹരിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. അധ്യാപക–വിദ്യാര്‍ഥി അനുപാതം 1:25 ആക്കുക എന്ന ആവശ്യം അം​ഗീകരിച്ചിട്ടില്ല.


അനുപാതം കുറയ്ക്കാതെ ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകിയിട്ടും തങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെന്ന് സമര നേതാവ് വളർമതി പറഞ്ഞു. അനുപാതം 1:25 ആക്കുക എന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കാര്യമാണെന്നാണ് സർക്കാർ പറയുന്ന വാദം. റാങ്ക് ലിസ്റ്റ് വന്നുകഴിഞ്ഞാൽ അതിൽ കൃത്യമായി നിയമനം നടത്തേണ്ടത് പിഎസ് സിയാണ്. മറ്റ് കാരണങ്ങൾ പറഞ്ഞുകൊണ്ട് അത് തടയുന്ന സർക്കാർ സമീപനം തെറ്റാണെന്നും വളർമതി പറഞ്ഞു.


ഒരു വശത്ത് ഉദ്യോഗാർഥികളുടെ അവകാശം സാമ്പത്തിക ബാധ്യതകളുടെ പേര് പറഞ്ഞ് തള്ളുമ്പോൾ മറുപശത്ത് കോഴ വാങ്ങിച്ച് നിയമനം നടത്തുന്നവര്‍ക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നു. ആവശ്യം അം​ഗീകരിക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഉദ്യോ​ഗാർഥികളുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home