ad
Deshabhimani

കയാക്കിങ് ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം

s

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് ആരംഭിച്ച പന്ത്രണ്ടാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ഇന്റര്‍മീഡിയറ്റ് എക്സ്ട്രീം സ്ലാലം വിഭാഗം സെമി ഫൈനല്‍ പോരാട്ടത്തില്‍ നിന്ന്. ഫോട്ടോ/മിഥുന്‍ അനില മിത്രന്‍

avatar
പി ചന്ദ്രബാബു

Published on Aug 01, 2026, 01:32 AM | 1 min read

കോടഞ്ചേരി

കർക്കടക മഴയിൽ കുത്തിയൊഴുകുന്ന ചാലിപ്പുഴയിൽ ജല സാഹസികതയുടെ വിസ്മയക്കാഴ്ചകളൊരുക്കി 12–-ാമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് പുലിക്കയത്ത് ആവേശത്തുടക്കം. പുരുഷ-–വനിത ഇന്റർ മീഡിയറ്റ് അമച്വർ സ്ലാലോം എക്സ്ട്രീം സ്ലാലോം മത്സരങ്ങളോടെയാണ് ജല മാമാങ്കത്തിന് തുടക്കമായത്.

അഞ്ചടി പൊക്കമുള്ള റാമ്പിൽ -നിന്ന് കുത്തിയൊഴുകുന്ന പുഴയിലേക്ക് കയാക്കുമായി കുതിച്ച 11 കാരൻ മലയാളി താരം റയാൻ ഉൾപ്പെടെ കയാക്കർമാർ കാണികൾക്ക് വിസ്മയക്കാഴ്ചയായി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തുകാരി ഡോണയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ താരം.

ചാമ്പ്യൻഷിപ്പ് സി കെ കാസിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അംബികാ മംഗലത്ത്. പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാകുഴി, ജിതിൻ പല്ലാട്ട്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അലക്സ് തോമസ്, കനോയി കയാക്കിങ് അസോസിയേഷൻ പ്രസിഡന്റ്‌ അനിൽ ബോസ്, അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, റിവർ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ പോൾസൺ അറക്കൽ എന്നിവർ സംസാരിച്ചു.

സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തുകളും ചേർന്ന് ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ​

ഇന്ന് പ്രൊഫഷണൽ മത്സരങ്ങൾ

ചാമ്പ്യൻഷിപ്പിൽ ശനി ഒളിമ്പിക്സ് മത്സരയിനങ്ങളായ പുരുഷ-–വനിതാ വിഭാഗം സ്ലാലോം, എക്സ്ട്രീം സ്ലാലോം പ്രൊഫഷണൽ മത്സരങ്ങൾ പുലിക്കയത്ത് ചാലിപ്പുഴയിൽ നടക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര കയാക്കർമാരും ദേശീയ തദ്ദേശീയ താരങ്ങളും തുഴയെറിയും. ചാമ്പ്യൻഷിപ്പിലെ ഏറ്റവും ആവേശകരമായ മത്സരമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home