print edition മുഖ്യമന്ത്രിയുടെ കള്ളം മറ്റെന്തോ മറയ്ക്കാൻ: എ എ റഹിം

ന്യൂഡൽഹി: പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ തുടർച്ചയായി കള്ളം പറയുന്നത് മറ്റെന്തോ മറച്ചുവയ്ക്കാനാണെന്ന് എ എ റഹിം എംപി. ‘എൽഡിഎഫ് സർക്കാർ 99 കോടിയിലധികം വാങ്ങി. ഇനി അതിൽനിന്ന് പിന്നോട്ട് പോകാനാകില്ല’– എന്നാണ് ജൂൺ 17ന് സതീശൻ പറഞ്ഞത്.
‘ആർഎസ്‌എസ് അജൻഡ നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് പി എം ശ്രീയിൽ ഒപ്പിടാൻ തീരുമാനിച്ചത്. സർക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമാണ്’– എന്നാണ് പ്രതിപക്ഷ നേതാവായിരിക്കേ 2024 ഒക്ടോബർ 24ന് സതീശൻ പറഞ്ഞത്. ഇൗ രണ്ട് പ്രസ്‌താവനകളും നടത്തിയത് ഒരേ വി ഡി സതീശൻ തന്നെയല്ലേ?. അതേ വി ഡി സതീശൻ മലയാളികളെ മുഴുവൻ വിഡ്ഢികളാക്കി പിഎം ശ്രീ നടപ്പാക്കാൻ പോകുന്നു. ആദ്യംമുതൽ പി എം ശ്രീ വിഷയത്തിൽ സതീശൻ മലയാളികളെ കള്ളം പറഞ്ഞ് പറ്റിക്കുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ കഴിഞ്ഞദിവസം അവകാശപ്പെട്ടത്– ‘ഒപ്പിട്ടത് പിൻമാറാൻ സാധിക്കാത്ത ധാരണപത്രത്തിലാണ്’ എന്നായിരുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും സമാന രീതിയിൽ പ്രതികരിച്ചു. ഇത് കള്ളമാണെന്ന് കേന്ദ്രത്തിന്റെ മറുപടിയിൽ തെളിഞ്ഞു– എ എ റഹിം പറഞ്ഞു.










0 comments