print edition അഴിഞ്ഞത് ലീഗിന്റെ മുഖംമൂടി

തിരുവനന്തപുരം: പിഎം ശ്രീയെ ന്യായീകരിക്കാൻ മുസ്ലിംലീഗ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞതോടെ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന വികാരം സമുദായ സംഘടനകൾക്കുള്ളിൽ ശക്തമായി. വീര്യംകുറഞ്ഞ മദ്യതീരുവ കുറയ്ക്കൽ, സർവകലാശാലകളിൽ സംഘപരിവാറുകാരെ നിയമിക്കുന്ന ഗവർണർക്ക് പിന്തുണ, വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന പ്രഖ്യാപനം തുടങ്ങി എല്ലാ രംഗത്തും ആർഎസ്‌എസിന് സർക്കാർ കീഴടങ്ങുന്പോൾ നേരിയ എതിർപ്പുപോലും ലീഗിനില്ല.
ആർഎസ്‌എസിന് ലീഗ് വഴങ്ങുന്നതിന് കാരണം ഇഡി പേടിയാണെന്നാണ് ആക്ഷേപമുയരുന്നത്. ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി അന്വേഷണത്തിലാണ്. മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടിലും അന്വേഷണമുണ്ട്. ഇൗ രണ്ടു കേസിലും രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡീൽ.
കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി സർക്കാരുകളിൽ പല വിഷയങ്ങളിലും ശക്തമായ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഉമ്മൻചാണ്ടി സർക്കാരിൽ അഞ്ചാം മന്ത്രി സ്ഥാനത്തിലടക്കം ഇതു കണ്ടതാണ്. ആന്റണിയെകൊണ്ട് ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവന ലീഗ് തിരിത്തിപ്പിച്ചു. എന്നാൽ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ശക്തമായ ഇടപെടൽ നടത്തിയ ലീഗ് ഇന്ന് നേരിയ എതിർപ്പുയർത്താൻപോലും ശക്തിയില്ലാതെ നിൽക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിയെപോലെ പ്രമുഖ നേതാവ് മന്ത്രിസഭയിലുണ്ടായിട്ടും ആർഎസ്‌എസ് അജൻഡയ്ക്ക് സർക്കാർ വഴങ്ങുന്നു.
മാളത്തിലൊളിച്ച് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട് : ആർഎസ്‌എസ് അജൻഡയ്‌ക്ക് കീഴടങ്ങി പിഎം ശ്രീ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകവെ പ്രതികരിക്കാതെ ജമാഅത്തെ ഇസ്ലാമി. എൽഡിഎഫ് ഭരണകാലത്ത് എതിർപ്പിന്റെ കുന്തമുന ഉയർത്തിയവർ യുഡിഎഫിന്റെ സംഘിനിലപാടുകളെ പിന്തുണയ്‌ക്കുന്ന ഗതികേടിലാണ്. വി ഡി സതീശൻ ഭരണമേറ്റശേഷം സർക്കാരിനായി ന്യായവാദമുയർത്തുന്ന ക്വട്ടേഷൻ വർക്കും ജമാഅത്തെക്കാർ ഏറ്റെടുത്തിട്ടുണ്ട്. നേതൃത്വത്തിലൊരുവിഭാഗം സർക്കാർ സ്‌പോൺസേഡായെന്ന വിമർശം സംഘടനയ്‌ക്കുള്ളിലുണ്ട്. ജമാഅത്തെയുടെ രാഷ്‌ട്രീയകക്ഷിയായ വെൽഫെയർ പാർടിയും വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റിയും പദ്ധതി നടപ്പാക്കരുതെന്ന് പ്രസ്‌താവനയിറക്കിയെങ്കിലും നേതൃത്വത്തിലൊരുവിഭാഗം വിലക്കിയതോടെ ഇതെല്ലാം ഒതുങ്ങി. സർക്കാർ അഭിഭാഷകരുടെ നിയമനം, സർവകലാശാലകളിൽ ആർഎസ്‌എസ് നോമിനികളെ നിയമിച്ചത് എന്നിവയൊന്നും അറിഞ്ഞതായി നടിച്ചില്ല. വഖഫ് ബോർഡിലെ അമുസ്ലിം നിയമനം സർക്കാർ അംഗീകരിച്ചിട്ടും മിണ്ടാട്ടമില്ല. ഇതിലൊന്നും പ്രതികരിക്കാത്തത് ഇരട്ടത്താപ്പും അവസരവാദവുമാണെന്ന ചർച്ച സമൂഹമാധ്യമങ്ങളിലുണ്ട്.










0 comments