ന്യൂസ് ക്ലിക്കിനെതിരായ ഇ ഡി കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി; ബിജെപി മാധ്യമവേട്ടയ്ക്ക് വൻ തിരിച്ചടി

പ്രബിർ പുർകായസ്ത
ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനെതിരായ ഇ ഡി കേസ് ഹൈക്കോടതി റദ്ദാക്കി. ന്യൂസ് ക്ലിക്കിനും സ്ഥാപകൻ പ്രബിർ പുർകായസ്തയ്ക്കുമെതിരെ മോദി സർക്കാരും ബിജെപിയും കെട്ടിച്ചമച്ച കേസുകൾ ഡൽഹി ഹൈക്കോടതിയാണ് റദ്ദാക്കിയത്. വ്യാജ ആരോപണങ്ങളുന്നയിച്ച് ഡൽഹി പൊലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റുമാണ് കള്ളക്കേസുകൾ ചമച്ചത്. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആറും ഇഡിയുടെ ഇസിഐആറുമാണ് ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണ റദ്ദാക്കിയത്.
മോദി സർക്കാരിന്റെ കൊള്ളരുതായ്‌മകൾക്കെതിരെ തെളിവ് സഹിതം വാർത്തകൾ നൽകുന്ന സ്വതന്ത്ര മാധ്യമസ്ഥാപനമായിരുന്നു ന്യൂസ് ക്ലിക്ക്. ഇതിന് പിന്നാലെയായിരുന്നു ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള പ്രതികാര നടപടി. വിദേശത്തുനിന്ന് പണം സ്വീകരിച്ചതിൽ ഫെമ ചട്ടലംഘനം നടത്തിയെന്നും ചൈനീസ് മാധ്യമസ്ഥാപനവുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ പൗരനിൽ നിന്ന് പണം സ്വീകരിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ പൊലീസിനോ ഇ ഡിക്കോ കേസിൽ ഒരു തെളിവ് പോലും ഹാജരാക്കാൻ സാധിച്ചില്ല. ക്രിമിനൽ ഗൂഢാലോചന, കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം എന്നിവയ്ക്കും തെളിവില്ല. കേസ് തുടരുന്നത് നിയമനടപടികളുടെ ദുർവിനിയോഗമാണ്. പ്രബിറിന്റെ ക്രിമിനൽ ഗൂഢാലോചനയെന്താണെന്ന് ഇഡിക്ക് വിശദീകരിക്കാൻപോലും കഴിഞ്ഞിട്ടില്ലെന്ന് കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ബിജെപിയുടെ വർഗീയവിദ്വേഷ പ്രചാരണം തുറന്നുകാട്ടിയതിന്റെ പേരിൽ ആറുവർഷത്തോളമായി ബിജെപി പ്രബിറിനെ വേട്ടയാടുകയായിരുന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യമുണ്ടെന്നതും രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷകപ്രക്ഷോഭമുൾപ്പെടെ വസ്തുനിഷ്ടമായി റിപ്പോർട്ട് ചെയ്തെന്നതും ബിജെപിയെ ചൊടിപ്പിച്ചു. പ്രബിറിന്റെയും സഹപ്രവർത്തകരുടെയും വീടുകളിൽ തുടരെ റെയ്ഡ് നടത്തി. പ്രബിറിനെയും കുടുംബത്തെയും തടഞ്ഞുവച്ചു. കംപ്യൂട്ടറും മൊബൈൽഫോണുമടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. 2023 ഒക്ടോബറിൽ പ്രബിറിനെ ഡൽഹി പൊലീസ് അറസ്റ്റുചെയ്ത് തടവിലിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് 2024 മേയിൽ സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിച്ചു.
എഫ്ഐആറിൽ ചേർത്ത ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിദേശപണം സ്വീകരിച്ചെന്ന് ആരോപിച്ച് 2020 ഓഗസ്റ്റിലാണ് ആദ്യ എഫ്ഐആർ രജിസ്റ്റർചെയ്തത്. 2021ൽ ഇഡി കേസെടുത്തു. അന്ന് ഡൽഹിയിലെ ന്യൂസ്‌ക്ലിക്ക് ആസ്ഥാനത്ത് 50 മണിക്കൂറാണ് ഇഡി റെയ്‌ഡ് നടത്തിയത്.









0 comments